പരപ്പനങ്ങാടി : ചാപ്പപ്പടിയിൽ സമൂഹവിരുദ്ധർ മീൻചാപ്പ തകർത്തു. മൂസാമിൽ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള എം.എം.കെ. കമ്പനിയുടെ ഓടിട്ട ചാപ്പയാണ് വെള്ളിയാഴ്ച രാത്രി സമൂഹവിരുദ്ധർ തകർത്തത്.

ഇതിന്റെ തൊട്ടടുത്തുണ്ടായിരുന്ന വിശ്രമകേന്ദ്രവും തകർത്ത്‌ കടലിലേക്കിട്ടു. പ്രദേശം മലമൂത്രവിസർജനം നടത്തി മലിനമാക്കി. മതിൽ ആയുധങ്ങളുപയോഗിച്ച് പൊളിക്കുകയും ഓടുകളും മറ്റും അടർത്തി പൊട്ടിക്കുകയും കടലിലേക്കിടുകയുംചെയ്തു. ചാപ്പപ്പടിയിൽ സമൂഹവിരുദ്ധരുടെ അക്രമം തുടർച്ചയായി ഉണ്ടാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

പ്രതികളെ കണ്ടെത്തി നടപടിയെടുക്കാത്തതുകൊണ്ടാണ് അക്രമം നടക്കുന്നതെന്നും സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം കണ്ടെത്താൻ പ്രദേശത്ത് സി.സി.ടി.വി. സ്ഥാപിക്കണമെന്നും രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.