മലപ്പുറം: പാലായിൽനിന്ന് മലപ്പുറത്തെ പാണക്കാട്ടേക്കൊരു രാഷ്ട്രീയപ്പാലമുണ്ട്. അരനൂറ്റാണ്ട് പഴക്കമുള്ള ഈ പാലത്തിന്റെ ഒരറ്റത്ത് കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയാണെങ്കിൽ മറ്റേയറ്റത്ത് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. യു.ഡി.എഫ്. രാഷ്ട്രീയപ്രതിസന്ധികളിലകപ്പെടുമ്പോൾ ഇരുവരും ഈ പാതയിൽ സംഗമിക്കും. നീറിപ്പുകഞ്ഞ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.

മാണിയും കോണിയും തമ്മിലുള്ള ഈ ബന്ധം പലപ്പോഴും കേരള രാഷ്ട്രീയത്തിൽ ചർച്ചയായി. യു.ഡി.എഫ്. നേതൃത്വത്തോട് ഇടഞ്ഞ് മാണി മുന്നണി വിട്ടപ്പോഴും മുസ്‌ലിംലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും മാണി സാർ കൈവിട്ടില്ല. ഈ ഘട്ടത്തിൽ കേരളാ കോൺഗ്രസും മുസ്‌ലിംലീഗും ഇടതുപക്ഷത്തോട് അടുക്കുന്നതായി സൂചനകൾ വന്നു. മാണിയും കോണിയും ഇടതുപക്ഷത്തിന് വേണ്ടെന്ന് സി.പി.ഐ. നിലപാടെടുത്തു. ഇതും ഏറെ രാഷ്ട്രീയചർച്ചകൾക്ക് വഴിവെച്ചു.

യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുമ്പോഴും കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ കോണിയേറ്റി ലോക്‌സഭയിലെത്തിക്കാൻ മാണിസാർ മലപ്പുറത്തെത്തി. ഇതിനെ യു.ഡി.എഫിലേക്കുള്ള തിരിച്ചുപോക്കായിക്കണ്ട മാധ്യമപ്രവർത്തകരോട് കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ യു.ഡി.എഫിലേക്കുള്ള പാലമോ കലുങ്കോ അല്ലെന്ന് മാണിസാർ മറുപടി നൽകി. ലീഗിനും കുഞ്ഞാലിക്കുട്ടിക്കും വേറിട്ട രാഷ്ട്രീയമാണുള്ളതെന്നും ആ മതേതര ശക്തിക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് താൻ വന്നതെന്നും വിശദീകരിച്ചു. പിന്നീട് കുഞ്ഞാലിക്കുട്ടിയുടേയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടേയും ഇടപെടലാണ് മാണിയെ വീണ്ടും യു.ഡി.എഫിലെത്തിക്കുന്നതിന് വഴിയൊരുക്കിയത്. കോൺഗ്രസ് നേതൃത്വത്തേയും കെ.എം. മാണിയേയും വീണ്ടും ഒരു മേശയ്ക്ക് ചുറ്റിലുമെത്തിച്ചത് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രമായിരുന്നു. പാണക്കാട് തറവാടുമായും മുഹമ്മദലി ശിഹാബ് തങ്ങളുമായും ഒരാത്മബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു.

Content Highlights: pala km mani relation with panakkad family