പടപ്പറമ്പ്: പാങ്ങ് ഗവ. യു.പി. സ്കൂളിൽ യോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റിയിട്ടും കുട്ടികൾക്ക് അപകടഭീഷണി ഒഴിയുന്നില്ല. പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ മൈതാനത്തുനിന്ന് നീക്കംചെയ്യാത്തത് കുട്ടികൾക്ക് ദുരിതമാവുകയാണ്. മരങ്ങളും സിമൻറ് ഷീറ്റുകളും കല്ലുകളും പരിസരത്തുതന്നെ കിടക്കുകയാണ്. അനുയോജ്യമല്ലാത്ത ഈ കെട്ടിടം പൊളിച്ചുമാറ്റിയിട്ട് മാസങ്ങളായി.

കുറുവ പഞ്ചായത്തിന് കീഴിലുള്ളതാണ് പാങ്ങ് ഗവ. യു.പി. സ്കൂൾ. കെട്ടിടത്തിന്റെ പൊളിച്ചുമാറ്റിയ ഭാഗങ്ങൾ ലേലംചെയ്ത് വില്പന നടത്തേണ്ടതാണ്. 1000-ൽപ്പരം വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ ആവശ്യത്തിന് കളിസ്ഥലം പോലുമില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ ഓടിക്കളിക്കുന്ന സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യാതെ കിടക്കുന്നത്. എത്രയുംവേഗം കെട്ടിടത്തിന്റെ ഭാഗങ്ങൾ ലേലംചെയ്ത് വിൽക്കാൻ നടപടി വേണമെന്ന് നാട്ടുകാർ പറയുന്നു.