പൂക്കോട്ടൂർ: സർക്കാർ സ്കൂളുകളിൽ പഠനനിലവാരവും സൗകര്യങ്ങളും മോശമാണെന്ന ചീത്തപ്പേര് മാറിത്തുടങ്ങിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. അതിന് മികച്ച ഉദാഹരണമാണ് പൂക്കോട്ടൂർ ജി.എൽ.പി. സ്കൂൾ. മൂല്യബോധമുള്ള വിദ്യാഭ്യാസമാണ് കാലത്തിന് ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൂക്കോട്ടൂർ ഓൾഡ് ജി.എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി. ഉബൈദുള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടംനിർമ്മിച്ചത്. അഞ്ച് ക്ലാസ്‌മുറികളും മുറ്റം ഇന്റർലോക്ക് വിരിക്കലുമാണ് നടന്നത്.

പി. ഉബൈദുള്ള അധ്യക്ഷനായി. ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ മുഖ്യാഥിതിയായി. സ്കൂളിൽ നിർമ്മിച്ച ജൈവ വൈവിധ്യ ഉദ്യാനം അദ്ദേഹം ഉദ്ഘാടനംചെയ്തു. കെട്ടിടംപണി നടത്തിയ ബാവ കൺസ്ട്രക്‌ഷൻ ഗ്രൂപ്പിനുള്ള ഉപഹാരം ടി.വി. ഇബ്രാഹിം എം.എൽ.എ. നൽകി. പൂക്കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുമയ്യ, വൈസ് പ്രസിഡന്റ് കെ. മൻസൂർ കുഞ്ഞിപ്പു, വി.കെ. മുഹമ്മദ്, കാരാട്ട് അബ്ദുറഹ്‌മാൻ, ഇ.പി. ബാലകൃഷ്ണൻ, വി.പി. സലിം, എം. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.