പെരിന്തൽമണ്ണ: നൂറ്റാണ്ടുകൾ തണലേകിയ മഹാവൃക്ഷത്തിനുമുന്നിൽ നാട് നമിച്ചു. അപകടാവസ്ഥയിലായ വൻമരത്തിന്റെ സംസ്കാരത്തിന് മുന്നോടിയായുള്ള അനുജ്ഞാകർമം പൂർത്തിയായി.
പുരാവസ്തുവകുപ്പ് 800 വർഷത്തിലേറെ പഴക്കംനിർണയിച്ച എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ആൽമരത്തിന്റെ സംസ്കാരച്ചടങ്ങിനുമുന്നോടിയായുള്ള ചടങ്ങാണ് ഞായറാഴ്ച നടന്നത്. വേരുകളടക്കം പുറത്തെടുത്ത് പ്രത്യേക ചടങ്ങുകളാൽ പിന്നീട് ദഹിപ്പിക്കുന്നതോടെ സംസ്കാരച്ചടങ്ങ് പൂർത്തിയാകും.
ഞായറാഴ്ച രാവിലെ തന്ത്രി ശ്രീധരം ചുമരത്ത് ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രത്തിൽ പ്രത്യേകപൂജകൾക്കുശേഷം ദേവന്റെ അനുജ്ഞവാങ്ങി. തന്ത്രി കൊളുത്തിയ വിളക്ക് നാമജപത്തോടെ ആൽമരച്ചുവട്ടിലെത്തിച്ചു. തുടർന്ന് പ്രത്യേക പൂജകൾ കഴിച്ച് ആൽമരത്തിന്റെ അനുജ്ഞ വാങ്ങി. പ്രദേശവാസികളും മറ്റും ഏഴ് പ്രദക്ഷിണംചെയ്ത് ആലിനെ നമസ്കരിച്ചു.
ആൽ നിൽക്കുന്നിടത്തെ മണ്ണ് മാറ്റി പുതിയ മണ്ണും ചാണകമടക്കമുള്ളവയും നിറച്ച് പുതിയ തൈ വെക്കും. പത്ത് ആൽവൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുക. ഇതിനായുള്ള തൈകൾ വൃക്ഷസ്നേഹി ആനമങ്ങാട് ബാലകൃഷ്ണൻ സംഭാവന നൽകി. പുതിയ ആലുകളെ വേളി കഴിപ്പിക്കൽ ഉൾപ്പെടെയുള്ളവ നടത്തി സംരക്ഷിക്കുമെന്ന് പരിപാടിക്ക് നേതൃത്വംനൽകിയ ഡോ. ബാബു മുണ്ടേക്കാട് പറഞ്ഞു.