മലപ്പുറം: അയൽജില്ലകളിൽ നിപ ഭീതി പടരാൻ തുടങ്ങിയതോടെ ജില്ലയിലെ ആരോഗ്യവകുപ്പ് ജാഗ്രതയിലായി. മഴക്കാലരോഗ പ്രതിരോധത്തിനായി മുഴുവൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളും സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

നിപ പോലുള്ള സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജമാണെന്നും മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പരിശീലനം ഉറപ്പാക്കിയതായും മെഡിക്കൽ ഓഫീസർ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യകേന്ദ്രങ്ങളിൽ ചുമയുമായി എത്തുന്നവർക്ക് മാസ്‌ക് നൽകും. പനി കൂടുതലാണെങ്കിൽ പ്രത്യേകം പനി വാർഡുകൾ സജ്ജമാക്കും. എല്ലാ ആശുപത്രികളിലും എ.ബി.സി. ഗൈഡ്‌ലൈൻ പതിക്കും. മാലിന്യനിർമാർജനത്തിന് പ്രത്യേക സൗകര്യങ്ങളൊരുക്കും. കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കും.

പനിയുള്ളവർ വിട്ടുനിൽക്കണം

കഠിനമായ ചുമ, പനി തുടങ്ങിയ രോഗങ്ങളുള്ളവർ പൊതുചടങ്ങുകൾ, ആഘോഷപരിപാടികൾ എന്നിവിടങ്ങളിൽനിന്ന് വിട്ടുനിൽക്കണം. രോഗലക്ഷണങ്ങളുള്ളവർ മറച്ചുെവക്കാതെ എത്രയുംപെട്ടെന്ന് ചികിത്സ തേടണം. എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നുകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

അധ്യാപകർക്ക് ഒരു കണ്ണുവേണം

സ്‌കൂളുകളിൽ ശുചിത്വവും കുട്ടികളുടെ ആരോഗ്യവും ഉറപ്പുവരുത്താൻ അധ്യാപകരുടെയും പി.ടി.എയുടെയും പ്രത്യേക ശ്രദ്ധവേണമെന്ന് ഡി.എം.ഒ. അറിയിച്ചു. പനിയും ജലദോഷവും ബാധിച്ച കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സ്‌കൂളുകളിലെ കിണറുകളിലെല്ലാം ക്ലോറിനേഷൻ നടത്തിവരികയാണ്. വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് പരിശോധന നടത്തി. സ്‌കൂളുകളിലെ ശൗചാലയങ്ങളിലെ വൃത്തിയും ഉറപ്പുവരുത്തിക്കഴിഞ്ഞു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ നേരിട്ടോ അതത് സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർ വഴിയോ ഇതെല്ലാം ഉറപ്പുവരുത്തണം. മെഡിക്കൽകിറ്റുകൾ സ്‌കൂളുകളിൽ സൂക്ഷിക്കണം. കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകി.