കോട്ടയ്ക്കൽ: നിപയെന്ന വില്ലനെ നമ്മൾ കേട്ടിട്ട് ഒരുവർഷമാവുന്നു. അന്ന് തികച്ചും അവിചാരിതമായ സാഹചര്യത്തിൽ പുറത്തിറങ്ങാൻപോലുമാവാതെ കൊലയാളിരോഗാണുവിനെ പേടിച്ചുകഴിഞ്ഞു എല്ലാവരും. കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിന് കാരണമായ അജ്ഞാത വൈറസ് രോഗം നിപയാണെന്ന് തിരിച്ചറിഞ്ഞത് 2018 മേയ് 18-നാണ്.

സർക്കാറിന്റെ കണക്കിൽ 19 പേരെ നിപവൈറസ് ബാധിച്ചു, 17 പേർ മരിച്ചു. ഇതിൽ മൂന്നുപേർ മലപ്പുറത്ത് നിന്നുള്ളവരായിരുന്നു.

കൊളത്തൂർ താഴത്തിൽത്തൊടി വേലായുധൻ, മൂന്നിയൂർ ആലിൻചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു, തെന്നല കൊടക്കല്ല് മന്നത്തനാത്ത് പടിക്കൽ ഉബീഷിന്റെ ഭാര്യ ഷിജിത എന്നിവരാണ് ജില്ലയിൽ നിപ വൈറസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയതായിരുന്നു വേലായുധൻ. സിന്ധുവും ഷിജിതയും രോഗീപരിചരണത്തിനായെത്തിയതായിരുന്നു. വൈറസ് ബാധയിൽനിന്ന് രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളാണ് ഷിജിതയുടെ ഭർത്താവ് ഉബീഷ്.

മേയ് 20-നാണ് നാലുപേർ മലപ്പുറത്ത് വിവിധയിടങ്ങളിലായി പനിബാധിച്ച് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മരണകാരണം നിപവൈറസ് ആണെന്ന് സ്ഥിരീകരിച്ചത് 22-നാണ്. ജില്ലയ്ക്കകത്തും പുറത്തേക്കുമുള്ള സഞ്ചാരം തീർത്തും നിശ്ചലമായിരുന്ന നാളുകളായിരുന്നു പിന്നീട്. നിപക്കിടയിൽ ഏറെ വെല്ലുവിളിയുയർത്തി ഡെങ്കിപ്പനിയും ജില്ലയിൽ പടർന്നു.

ആരോഗ്യവകുപ്പിന്റെ ജാഗ്രതയാർന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് കൂടുതൽ മരണങ്ങൾ സംഭവിക്കാതിരുന്നതും രോഗബാധിതരായ രണ്ടുപേർ പൂർണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്കെത്തിയതും.

നിപയെ ഞാൻ പേടിച്ചിട്ടില്ല

‘ഡോക്ടർമാർ അറിയിക്കുന്നതിന് മുൻപ് ഫെയ്‌സ്ബുക്കിലൂടെയാണ് എനിക്ക് നിപതന്നെയാണെന്ന് ഞാൻ അറിയുന്നത്. നിപയെ നേരിട്ട്, കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചുപിടിച്ച ഉബീഷ് ഓർക്കുന്നു: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സമയത്ത് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു നിപയെ കൂടുതൽ അറിഞ്ഞത്.

അസുഖബാധിതനായി കിടക്കുമ്പോൾ പുറത്തുനിന്ന് തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളും അറിയുന്നുണ്ടായിരുന്നു. ആ സമയത്ത് ഇത്തിരി വിഷമംതോന്നിയിരുന്നു. അസുഖത്തിന് മുൻപ് എങ്ങനെയായിരുന്നു അതുപോലെത്തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. എന്തിനെയും തരണംചെയ്ത് മുന്നോട്ടുപോവാമെന്ന വിശ്വാസമുണ്ടെങ്കിൽ ഏത് അസുഖത്തെയും നേരിടാനാവും’

വെല്ലുവിളിയായിരുന്നു നിപ

മരണമടഞ്ഞവരുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരെ കണ്ടുപിടിച്ച് നിർദേശങ്ങൾ നൽകുകയായിരുന്നു ആ സമയത്തെ വെല്ലുവിളി. എല്ലാവരും കൂടെനിന്ന് പ്രവർത്തിച്ചത് തന്നെയാണ് രോഗം നിയന്ത്രിക്കാൻ സഹായിച്ചത്. ഏതുസമയത്തും അസുഖത്തെ നേരിടാനുള്ള മുൻകരുതൽ എല്ലാവരിലുംവേണം. അസുഖമുള്ളവരെ കാണാൻപോവുന്നതും അസുഖമുള്ളവർ പുറത്തിറങ്ങുന്നതും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്- ഡോ. -കെ. സക്കീന (ജില്ലാ മെഡിക്കൽ ഓഫീസർ)