കോഴിക്കോട്: രണ്ടും മൂന്നുംതവണ തുടർച്ചയായി മത്സരിച്ച മുസ്‌ലിംലീഗിന്റെ ഒൻപത് എം.എൽ.എ.മാർ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മാറിനിൽക്കുമെന്ന് സൂചന. സി. മമ്മൂട്ടി, പി.കെ. അബ്ദുറബ്ബ്, കെ.എൻ.എ. ഖാദർ, ടി.എ. അഹമ്മദ് കബീർ, എൻ.എ. നെല്ലിക്കുന്ന്, പി. ഉബൈദുള്ള, എം. ഉമ്മർ എന്നിവരെയാണ് മത്സരരംഗത്ത് മാറ്റിനിർത്താൻ സാധ്യത.

ഇബ്രാഹിംകുഞ്ഞിന്റെയും എം.സി. ഖമറുദ്ദീന്റെയും പേരിൽ കേസ് നിലനിൽക്കുന്നുണ്ടെന്നതാണ് കാരണം. പെരിന്തൽമണ്ണ എം.എൽ.എ. മഞ്ഞളാംകുഴി അലി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് വീണ്ടും അവസരം നൽകിയേക്കും. കെ.എം. ഷാജി അഴീക്കോട് തന്നെ മത്സരിക്കും.

മങ്കട എം.എൽ.എ. ടി.എ. അഹമ്മദ് കബീർ നേരത്തേതന്നെ പിന്മാറാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സുരക്ഷിത മണ്ഡലമെന്ന നിലയിൽ ഡോ. എം.കെ. മുനീർ കൊടുവള്ളിയിലേക്ക് മാറാനുള്ള ആലോചന നടക്കുന്നുണ്ട്.

എന്നാൽ, മുനീർ കോഴിക്കോട് സൗത്തിൽത്തന്നെ തുടരണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെക്കുകയാണെങ്കിൽ മണ്ണാർക്കാട് എം.എൽ.എ. എൻ. ഷംസുദ്ദീൻ, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർക്ക് സാധ്യതയുണ്ട്.

2016-ൽ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. എൽ.ജെ.ഡി.യും കേരള കോൺഗ്രസ് മാണിവിഭാഗവും യു.ഡി.എഫ്. വിട്ടതിനാൽ ഇത്തവണ ആറുസീറ്റെങ്കിലും അധികം ചോദിച്ചേക്കും. ബാലുശ്ശേരി മണ്ഡലം കോൺഗ്രസിന് കൈമാറി കുന്ദമംഗലമോ പേരാമ്പ്രയോ നൽകണമെന്നാവശ്യപ്പെടും.

യൂത്ത് ലീഗിൽനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന സെക്രട്ടറിമാരായ എ.കെ.എം. അഷറഫ്, എം.എ. സമദ്, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ്‌ ടി.പി. അഷറഫലി എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഇത്തവണ മത്സരിച്ചേക്കും.

പി.വി. അബ്ദുൾവഹാബ് എം.പി.യുടെ കാലാവധി അവസാനിക്കാറായതിനാൽ മജീദിന് രാജ്യസഭയിലേക്ക് അവസരം ലഭിച്ചാലേ നിയമസഭയിലേക്ക്‌ മത്സരിക്കാതിരിക്കൂ.