കാളികാവ് : പാടെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ നിലമ്പൂർ-ഷൊർണൂർ പാത. കോവിഡ് കാലത്ത് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകളും നിലമ്പൂർ-കോട്ടയം എക്സ്പ്രസും ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. നിലവിൽ ഏക സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ഷൊർണൂരിലേക്ക് മാറ്റാനുള്ള നീക്കംകൂടി നടക്കുന്നുണ്ട്. 200 കിലോമീറ്ററിൽക്കൂടുതൽ ദൂരം സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് ആക്കി ഉയർത്തിയിട്ടുണ്ട്. നിലമ്പൂർ-ഷൊർണൂർ പാതയിൽ സ്ഥാനക്കയറ്റം കിട്ടിയ കോട്ടയം എക്സ്പ്രസും ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23-ന് ഈ പാതയിൽ ഓട്ടംനിർത്തിയ തീവണ്ടികളിൽ രാജ്യറാണി മാത്രമാണ് സർവീസ് പുനരാരംഭിച്ചത്.

റെയിൽവേയുടെ അവഗണന ബുധനാഴ്ച കാളികാവിലെത്തുന്ന രാഹുൽഗാന്ധി എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്താനിരിക്കുകയാണ് യാത്രക്കാർ. ദിവസവും രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെ ഈ പാതയിൽ ഏഴ് ജോഡി തീവണ്ടികൾ ഓടിയിരുന്നു. ലോക്ഡൗണിന് മുൻപ് പ്രതിദിനം 5,000 യാത്രക്കാർ പാതയെ ആശ്രയിച്ചിരുന്നു.

പകുതിയിലേറെപ്പേരും നിലമ്പൂരിൽനിന്ന് യാത്ര ആരംഭിക്കുന്നവരാണ്. ഇപ്പോൾ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ എന്ന പേരിൽ രാത്രിയിൽ രാജ്യറാണി മാത്രമാണ് ഓടുന്നത്. പകൽ സർവീസുകൾ ഇല്ല. ചില റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകളായി ഓടിത്തുടങ്ങിയെങ്കിലും നിലമ്പൂരിനെ പരിഗണിച്ചിട്ടില്ല.

ഷൊർണൂർ-നിലമ്പൂർ പാതയിൽ 1927-ൽ ആണ് തീവണ്ടി സർവീസ് തുടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ പാളം പൊളിച്ചുകൊണ്ടുപോയതിനെത്തുടർന്ന്‌ ദീർഘകാലം സർവീസ് മുടങ്ങി. യുദ്ധം കഴിഞ്ഞ് പാളം പുനഃസ്ഥാപിച്ച് സർവീസുകൾ തുടങ്ങി.

രാജ്യറാണിയുടെ യാത്ര ഷൊർണൂർ വരെ മാത്രമാക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. 2007-ൽ രണ്ട് പാസഞ്ചറുകൾ മാത്രം ഓടിയിരുന്ന കാലത്ത് നഷ്ടക്കണക്കിന്റെ പേരിൽ പാതതന്നെ ഒഴിവാക്കാൻ റെയിൽവേ ആലോചിച്ചതാണ്. ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നീക്കം ഉപേക്ഷിച്ചത്. തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലേക്കുള്ള രോഗികൾ യാത്രയ്ക്ക് കൂടുതലായി ആശ്രയിക്കുന്നത് രാജ്യറാണിയെയാണ്.

നേരത്തേ അമൃത എക്സ്പ്രസിനൊപ്പം കൂട്ടിക്കെട്ടി യാത്ര നടത്തിയിരുന്ന ട്രെയിൻ സ്വതന്ത്രമാക്കിയതാണ് രാജ്യറാണി എക്സ്പ്രസ്. സ്റ്റേഷൻമാസ്റ്റർമാർ കുറവായതിനാലാണ് രാജ്യറാണി ഷൊർണൂരിലേക്ക് മാറ്റുന്നതെന്നാണ് അധികൃതർ പറയുന്നത്. പാതയുടെ വൈദ്യുതീകരണജോലിയും മുടന്തുകയാണ്. ഒന്നരവർഷം മുൻപ്‌ ടെൻഡർ ചെയ്തുവെങ്കിലും പണി എവിടേയും എത്തിയിട്ടില്ല. വൈദ്യുതീകരണം പൂർത്തീകരിച്ചിരുന്നെങ്കിൽ മെമു സർവീസ് തുടങ്ങാമായിരുന്നു. വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് വിസ്താധാം കോച്ചുകൾ അനുവദിക്കുമെന്നതും പാഴ്‌വാക്കായി.