നിലമ്പൂർ: ജില്ലാ ആശുപത്രിയിൽ അസ്ഥിരോഗവിദഗ്ധന് അബദ്ധം സംഭവിച്ച് രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. പൂക്കോട്ടുംപാടം കവളമുക്കട്ട മച്ചിങ്ങൽ ആയിശ(52)യ്ക്കാണ് രണ്ടുകാലിനും ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നത്. ഇടതുകാലിനു പകരം വലതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്. അബദ്ധം മനസ്സിലായതോടെ ഇടതുകാലിനും ശസ്ത്രക്രിയചെയ്തു. രണ്ടുവർഷംമുമ്പ് വീണ ആയിശയുടെ ഇടതുകാലിന് നെരിയാണിക്ക് മുകളിലായി എല്ല് പൊട്ടിയതിനെത്തുടർന്ന് ഇതേ ഡോക്ടർ കമ്പി ഇട്ടിരുന്നു.

രണ്ടുവർഷം പൂർത്തിയായതോടെ കമ്പി എടുക്കാൻ ജില്ലാ ആശുപത്രിയിൽ എത്തിയെങ്കിലും പ്രമേഹം കൂടിയതിനാൽ ഒരാഴ്ച കിടക്കാൻ ഡോക്ടർ നിർദേശിച്ചു. ബുധനാഴ്ച രാവിലെ എക്സ്‌റേ എടുക്കുകയും ഡോക്ടർ പരിശോധിച്ച് ശസ്ത്രക്രിയ നടത്താൻ തയ്യാറാകുകയുംചെയ്തു. ശസ്ത്രക്രിയയ്ക്കിടെ കാല്‌ മാറിയിട്ടുണ്ടെന്ന് ആയിശ പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നു പറയുന്നു. അബദ്ധം മനസ്സിലായതോടെ വലതുകാൽ തുന്നിക്കെട്ടി ഇടതുകാലിൽ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുത്തു. ഇതോടെ രണ്ടുകാലിലും ശസ്ത്രക്രിയ നടത്തിയതിനാൽ അനങ്ങാനാവാതെ കിടക്കുകയാണ് ആയിശ. വലതുകാലിൽനിന്നുള്ള രക്തസ്രാവം നിൽക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം ശസ്ത്രക്രിയ നടത്താനിരിക്കെ രോഗി കാൽ മാറിയാണ് പറഞ്ഞതെന്നും ഇതാണ് ആശയക്കുഴപ്പത്തിന്‌ ഇടയായതെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറഞ്ഞു. വലതുകാലിനും മുൻപ് മുറിവുണ്ടായ അടയാളമുണ്ട്. രോഗി കാൽ ചൂണ്ടിക്കാണിച്ചതോടെയാണ് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയതെന്ന്‌ ഡോക്ടർ പറഞ്ഞു.

Content Highlights: Nilambur- Foot surgery