തിരൂരങ്ങാടി: മലബാറിലെ മാപ്പിളകലകളുടെ സാംസ്കാരികപൈതൃകം തേടി ഒൻപത്‌ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളടങ്ങുന്ന സംഘം തിരൂരങ്ങാടി പി.എസ്‌.എം.ഒ. കോളേജിലെത്തി. വിദേശപഠനപദ്ധതിയുടെ ഭാഗമായാണ്‌ ന്യൂയോർക്ക്‌ സർവകലാശാലയിൽനിന്നുള്ള അധ്യാപകരും വിദ്യാർഥികളുമെത്തിയത്‌.

മാപ്പിളപ്പാട്ടും നാടൻപാട്ടും അവതരിപ്പിച്ചാണ്‌ പി.എസ്‌.എം.ഒ. കോളേജിലെ വിദ്യാർഥികൾ സംഘത്തെ സ്വീകരിച്ചത്‌. പെൻസിൽവാനിയ സർവകലാശാലയിലെ പ്രൊഫ. ആൻഡേഴ്‌സൺ, നീലിമ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘത്തിന്റെ സന്ദർശനം.

പരപ്പനങ്ങാടിയിലെ തീരപ്രദേശങ്ങളിലെത്തി കോൽക്കളിയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു. മജീദ്‌ കുരിക്കളുടെ നേതൃത്വത്തിലുള്ള കോൽക്കളിയും ആസ്വദിച്ചു. ‘ഗൾഫ്‌ കുടിയേറ്റവും മലബാറും’ എന്ന വിഷയത്തിൽ പി.എസ്‌.എം.ഒ. കോളേജിൽ നടന്ന സെമിനാറിലും സംഘം പങ്കെടുത്തു.

കോളേജ്‌ മാനേജർ എം.കെ. ബാവ സെമിനാർ ഉദ്‌ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ. അസീസ്‌ അധ്യക്ഷതവഹിച്ചു. ഡോ. എസ്‌. ശിബ്‌നു ക്ലാസെടുത്തു. ഡോ. അബ്ദുൽ റസാഖ്‌, എം. സലീന, മാപ്പിളപ്പാട്ട്‌ ഗവേഷകൻ എൻ. ഹസീബ്‌ തുടങ്ങിയവരും പങ്കെടുത്തു.