ചങ്ങരംകുളം: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ നന്നംമുക്ക് സി.പി.എമ്മിൽ പ്രസിഡന്റ് സ്ഥാനത്തിനായ് തർക്കം രൂക്ഷമായി. ബുധനാഴ്ച നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നുപേർ രംഗത്ത് എത്തിയതോടെയാണ് തർക്കം തുടങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റായ ടി. സത്യൻ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ചേലക്കടവ് ഭാഗത്തുനിന്നുള്ള പഞ്ചായത്തംഗം താൻ പാർട്ടിയിലെ സീനിയർ ആണെന്നും എനിക്ക് ഒരു അവസരം തരണമെന്ന് പറയുകയും ഇതിനെക്കുറിച്ച് പേർ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പാർട്ടി എൽ.സി, സെക്രട്ടറിയെ പ്രസിഡന്റാക്കണമെന്ന് പറഞ്ഞ് കൂടുതൽ പേർ രംഗത്ത് എത്തി. എന്നാൽ ഇപ്പോൾ പ്രസിഡന്റിന്റെ ചാർജുള്ള വനിതാ പഞ്ചായത്തംഗത്തെ പ്രസിഡന്റാക്കണമെന്ന് ചിലരും വാദിച്ചു. ഇതിൽ ഒരു പഞ്ചായത്തംഗം തനിക്ക് പ്രസിഡന്റാകാൻ അവസരം തന്നില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവെയ്ക്കുമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു.
ഇതോടെ ഒരു തീരുമാനത്തിൽ എത്താൻ കഴിയാതിരിക്കുകയാണ് പാർട്ടി നേതൃത്വം. സത്യന് എതിരായ ആരോപണവും തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുക്കുകയും ചെയ്തതോടെ പാർട്ടി പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് പ്രസിഡന്റ് സ്ഥാനത്തിനുള്ള തർക്കം കൂടിയായതോടെ നന്നംമുക്ക് സി.പി.എമ്മിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
അതേസമയം, നന്നംമുക്കിൽ പാർട്ടിയെ ശക്തമായ നിലയിൽ എത്തിക്കാൻ സത്യൻ വഹിച്ച. പങ്ക് പാർട്ടിക്ക് തള്ളി കളയാനുമാകില്ല. ഇലക്ഷന് മുമ്പ് പാർട്ടി അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാൽ സത്യന് തന്നെ അവസരം കൊടുക്കണമെന്ന് പാർട്ടിയിൽ കൂടുതൽ പേർ വാദിക്കുന്നതായും സൂചനയുണ്ട്. സി.പി.എം. പതിനൊന്ന്, മുസ്ലിംലീഗ് മുന്ന്, കോൺഗ്രസ് രണ്ട്, ബി.ജെ.പി. ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.