നിലമ്പൂർ : കോവിഡ് നിയന്ത്രണങ്ങളിൽ വിവിധ സംസ്ഥാനസർക്കാരുകൾ ഇളവുകൾ അനുവദിച്ചിട്ടും കേരളത്തിൽനിന്ന് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ തമിഴ്‌നാട് സർക്കാരിന് ഇപ്പോഴും കടുംപിടിത്തം. അതിർത്തിയായ നാടുകാണിയിൽ കേരളത്തിൽ നിന്നുള്ളവരിൽനിന്ന് പണംവാങ്ങുകയാണ് തമിഴ്നാട് പോലീസ്.

നീലഗിരിയിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്നാണ് പോലീസ് പറയുന്നത്. പണം നൽകിയാൽ ആർക്കും എപ്പോൾ വേണമെങ്കിലും ചെക്ക് പോസ്റ്റ് കടന്നുപോകാം. ഒരു തടസ്സവാദവും പോലീസ് ഉന്നയിക്കുകയില്ല. ആൾക്ക് 300 മുതൽ 500 രൂപവരെയാണ് പോലീസ് ചോദിക്കുന്നത്. ഒട്ടേറെ വാഹനങ്ങളാണ് രേഖകളൊന്നും വേണ്ടാതെ യാത്ര ചെയ്യാമെന്ന ധാരണയിൽ അതിർത്തിയിലെത്തുന്നത്. ഇവിടെ വരുമ്പോഴാണ് പ്രസ്തുത രേഖകൾ വേണമെന്ന് അറിയുന്നത്. ഇനി യാത്ര മുടങ്ങേണ്ട എന്ന് കരുതി പോലീസ് ചോദിക്കുന്ന പണം നൽകുകയാണ് പലരും.

പോലീസിനെ ചോദ്യംചെയ്താൽ അവരോട് പണമടയ്ക്കാതെതന്നെ പൊയ്‌ക്കൊള്ളാനും പോലീസ് പറയും. നാടുകാണിയിലുള്ള വിവിധ ചെക്ക് പോസ്റ്റുകൾ പണം വാങ്ങാനായി മാത്രമാണിരിക്കുന്നതെന്ന പരാതി നേരത്തെതന്നെയുണ്ട്.