തിരൂർ : കേന്ദ്രസർക്കാരിന്റെ അജൻഡയ്ക്കനുസരിച്ച് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് സമൂഹത്തിന് തെറ്റായസന്ദേശം നൽകുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ എൻ. റാം. തിരൂരിൽ തുഞ്ചൻ ഉത്സവം ഓൺലൈൻവഴി ഉദ്ഘാടനംചെയ്യുകയായിരന്നു അദ്ദേഹം.

രാജ്യത്തെ ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും സംഘപരിവാറും. ഇതിൽ ഇവർ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾക്കും സംവാദങ്ങൾക്കും കേരളത്തിൽ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ രാഷ്ട്രഘടനയോടും ഇന്ത്യയിൽ ഇന്ന് വികസിച്ചുവന്ന മതരാഷ്ട്രത്തോടും ഒരുപോലെ വിമർശനാത്മക നിലപാടു സ്വീകരിക്കുന്നതാണ് ഗാന്ധിജിയുടെ രാഷ്ട്രസങ്കൽപ്പമെന്ന് സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ രാഷ്ട്രസങ്കല്പം എന്ന വിഷയത്തിൽ തുഞ്ചൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യാധിപത്യ രാഷ്ട്രഘടനയാണ് ഫാസിസത്തിന് ജന്മം നൽകിയത്. നമ്മുടെ രാജ്യം ഇന്ന് മതരാഷ്ട്രത്തിന്റെ, ഹിംസയുടെ, വിദ്വേഷത്തിന്റെ അങ്ങേയറ്റത്തെ പടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് രണ്ടിനോടും ഗാന്ധിജി ഗാഢമായി വിയോജിച്ചിരുന്നു. രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും പുറത്ത് വ്യക്തിയുടെ സ്വകാര്യതമാത്രമാണ് മതം എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്- അദ്ദേഹം പറഞ്ഞു.

എം.ടി. വാസുദേവൻ നായർ അധ്യക്ഷതവഹിച്ചു. പ്രപഞ്ചത്തെ കീഴടക്കാമെന്ന് അഹങ്കരിച്ചിരുന്ന മനഷ്യൻ ഇന്ന് മഹാമാരിയുടെ പിടിയിലാണ്. അതിനെതിരേ പ്രതീക്ഷയോടെ ഒന്നിച്ചുനിന്ന് പോരാടണം -അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഓൺലൈനായി പ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ എ.പി. നസീമ, പി. നന്ദകുമാർ, വി. അപ്പു മാസ്റ്റർ, കെ.എസ്. വെങ്കിടാചലം എന്നിവർ പ്രസംഗിച്ചു.

കവിസമ്മേളനം നടന്നു

തിരൂർ : തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് ആകാശവാണി കോഴിക്കോട് നിലയം തുഞ്ചൻപറമ്പിൽ കവിസമ്മേളനം നടത്തി. കൽപ്പറ്റ നാരായണൻ, പി.പി. ശ്രീധരനുണ്ണി, ആലങ്കോട് ലീലാകൃഷ്‌ണൻ, മണമ്പൂർ രാജൻബാബു, പി.എൻ. ഗോപീകൃഷ്ണൻ, വീരാൻകുട്ടി, അമ്മു ദീപ, എസ്. കണ്ണൻ, ഷീജ വക്കം, ശിവലിംഗൻ, ജി. ബിനീഷ എന്നിവർ കവിതചൊല്ലി.

കോളേജ് വിദ്യാർഥികൾക്കായി ദ്രുത കവിതാമത്സരം നടത്തി. കോളേജ് വിദ്യാർഥികൾക്കായി ജെ.സി.ഐ. തിരൂരിന്റെ സഹകരണത്തോടെ സാഹിത്യക്വിസ് നടത്തി. ഡോ. കെ. ശ്രീകുമാർ ക്വിസ് മാസ്റ്ററായി. സാഹിത്യക്വിസിൽ മലപ്പുറം ഗവ. കോളേജിലെ തഷ്‌റിഫയും റുബ ഫാത്തിമയും ഒന്നാംസ്ഥാനവും തിരൂർ തുഞ്ചൻ സ്മാരക ഗവ. കോളേജിലെ ശ്രീജിതയും പ്രജിഷയും രണ്ടാംസ്ഥാനവും നേടി.

തബല ജുഗൽബന്ദി ഇന്ന്

തിരൂർ : തുഞ്ചൻ പറമ്പിൽപണ്ഡിറ്റ് അനിന്ദോ ചാറ്റർജിയുടെ ശിഷന്മാരുടെ ‘തബല ജുഗൽബന്ദി’ ഞായറാഴ്ച വൈകീട്ട് 6.30-ന് നടത്തും. മലബാറിന്റെ ഗ്രാമാന്തരങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രചാരം നൽകാൻ പ്രവർത്തിച്ച തിരൂർഷായ്ക്കുള്ള സ്മരണാഞ്ജലിയാണ് പരിപാടി.

യുവകലാകാരന്മാരായ കോതച്ചിറ സ്വദേശി രവി വേണുഗോപാലനും തിരൂർക്കാരനായ അമൽ രവിയുമാണ് ജുഗൽബന്ദി അവതരിപ്പിക്കുന്നത്. ഷാ ഉസ്താദിന്റെ ശിഷ്യനായ തിരൂർ സുന്ദരൻ ഹാർമോണിയത്തിൽ അകമ്പടിയാകും. തുടർന്ന് ഹരി ആലങ്കോടിന്റെ സന്തൂർ കച്ചേരിയും ഉണ്ടാകും.