തിരൂർ: മലയാളത്തെ നാം സ്നേഹിക്കണം മാതൃഭാഷയെ നാം വിസ്മരിക്കുകയും ചെയ്യരുത്. കവിത മറക്കരുത് മലയാളത്തെയും മറക്കരുത്. എം.ടി. വാസുദേവൻ നായർ പറഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കവി മധുസൂദനൻ നായർ അധ്യക്ഷനായ മലയാള ഭാഷാ പഠനകളരിയായ മലയാളം പള്ളിക്കൂടം വിദ്യാർഥികൾ തിരൂർ തുഞ്ചൻ പറമ്പിൽ എം.ടി. വാസുദേവൻ നായരെ ആദരിക്കാനെത്തിയ ഒത്തുചേരൽച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളം അറിയില്ല എന്ന് പറയുന്നത് അലങ്കാരമായും അഹങ്കരമായും കണ്ടിരുന്ന കാലം മാറി. ഇന്ന്ഭരണഭാഷയാണ് മലയാളം, മാതൃഭാഷയുമാണെന്ന് എം.ടി. പറഞ്ഞു.
ഭാഷയോടുള്ള പ്രതിബന്ധത നാം മനസ്സിലാക്കണം. മലയാളം പഠിച്ചാൽ ഈ ഭാഷയിലൂടെ മറ്റുഭാഷകളിലേക്ക് നമുക്ക് കടക്കാൻ വളരെ എളുപ്പമാണ്. ഓരോ കാലഘട്ടത്തിലെയും കവികൾ ഭാഷയ്ക്ക്‌ചെയ്ത സേവനം മറക്കരുത്, കവിത മറക്കരുത്. ഓരോ കാലഘട്ടത്തിലുണ്ടായിരുന്ന അതിപ്രതിഭാ ശാലികളായ കവികൾ കൊളുത്തിവെച്ച വഴിവിളക്ക് നമുക്ക് ഏറ്റുപിടിക്കണം. ഭാഷയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു ഇളംതലമുറയെ വാർത്തെടുക്കണമെന്നനിക്ക് ആഗ്രഹമുണ്ടായിരുന്നു ഇന്നത് നടപ്പിലായി എം.ടി. പറഞ്ഞു.