തിരൂരങ്ങാടി: ജില്ലയിലെ ദേശീയപാതയിൽ വാഹനവകുപ്പ് ശനിയാഴ്ച രാത്രി മുതൽ പുലർെച്ചവരെ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങളിൽ 618-കേസുകൾ രജിസ്ട്രർ ചെയ്തു. 3,54,000-രൂപ പിഴയും ഈടാക്കി. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരമായിരുന്നു നൈറ്റ് കോമ്പിങ് ഓപ്പറേഷൻ എന്നപേരിൽ അൻപതോളം ഉദ്യോഗസ്ഥർ വിവിധസ്ഥലങ്ങളിൽ മിന്നൽപ്പരിശോധന നടത്തിയത്. മഴക്കാലങ്ങളിൽ രാത്രിയിൽ റോഡിൽ വർധിക്കാനിടയുള്ള അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.

വൈകുന്നേരം ഏഴിന് ആരംഭിച്ച പരിശോധന പുലർച്ചെ നാലിന് അവസാനിച്ചു. അമിതലൈറ്റുകളുടെ ഉപയോഗത്തിനെതിരേ 149-കേസുകൾ, അധികഭാരം കയറ്റി മൂന്ന് വാഹനങ്ങൾ, വാഹനങ്ങളുടെ രൂപമാറ്റം നടത്തിയത്, നികുതിയും ഇൻഷുറൻസും അടയ്ക്കാത്തവർ, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചവർ, അമിതവേഗം, ഫിറ്റ്‌െനസ് ഇല്ലാത്ത വാഹനങ്ങൾ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടിക്കപ്പെട്ടത്.

വളാഞ്ചേരി, ചങ്ങരംകുളം, കുറ്റിപ്പുറം, കോട്ടയ്ക്കൽ, കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കക്കാട്, തലപ്പാറ, ഇടിമുഴിക്കൽ തുടങ്ങിയ ഭാഗങ്ങളിൽ ദേശീയപാതകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ജില്ലാ ആർ.ടി.ഒ. അനൂപ് വർക്കിയുടെയും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടി.ജി. ഗോഗുലിന്റെയും മേൽനോട്ടത്തിൽ ജോയിന്റ് ആർ.ടി.ഒമാരായ എം.പി. അബ്ദുൽ സുബൈർ, ഷാജു.എ. ബക്കർ, സി.യു. മുജീബ്, ഇ. മോഹൻദാസ്, വി.എ. സഹദേവൻ, തോമസ് ജോർജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾക്ക് നേതൃത്വം നൽകി.