മലപ്പുറം: സർക്കാർ ഓഫീസുകൾ ഫയലുകളുടെ കൂമ്പാരമാകുന്ന കാലം കഴിയുന്നു. എല്ലാ ഫയലുകളും കൃത്യതയോടെയും സുരക്ഷിതത്വത്തോടെയും സൂക്ഷിക്കാൻ കളക്ടറേറ്റിൽ സംവിധാനമായി. അത്യാധുനിക റെക്കോഡ്‌ റൂം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു.

ഇനി പഴയതും പുതിയതുമായ എല്ലാ ഫയലുകളും ചിട്ടയോടെ സൂക്ഷിക്കാനാവും. ഓരോന്നും തരംതിരിച്ചുവെക്കാൻ പുതിയ സംവിധാനത്തിൽ കഴിയും.

മോഡുലാർ കോംപാക്ടർ എന്ന സംവിധാനത്തിലാണ് ഇവ സൂക്ഷിക്കുക. റവന്യൂ വകുപ്പിൽ ഉപയോഗിക്കാതെ കിടന്ന മുറി 20 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചാണ് ഉപയോഗിച്ചത്. ശീതീകരിച്ച മുറിയാണിത്. അഞ്ചുലക്ഷം ഫയലുകൾ ഇതിൽ സൂക്ഷിക്കാനാവും. കളക്ടർ ജാഫർ മാലിക് റെക്കോഡ്‌ റൂമിന്റെ പ്രവർത്തനങ്ങൾ മന്ത്രിക്ക് പരിചയപ്പെടുത്തി. എ.ഡി.എം. എൻ.എം. മെഹ്റലി സന്നിഹിതനായിരുന്നു.