തിരൂർ : ആധാർ സേവനങ്ങൾക്കായി ഇനി പുറത്തുപോകേണ്ട കാര്യമില്ല. ഒറ്റ ഫോൺവിളിയിൽ പോസ്റ്റ്മാൻ ആധാർ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കും. തപാൽ വകുപ്പും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയും ചേർന്നാണിതു നടപ്പാക്കുന്നത്.

പോസ്റ്റ്മാൻ വീട്ടിലെത്തി ആധാർകാർഡും ഫോൺ നമ്പറുമായി ലിങ്ക്ചെയ്യുന്നതിനു 50 രൂപയാണ് ചാർജ്. മലപ്പുറം ജില്ലയിലെ തിരൂർ ഡിവിഷനിൽ വള്ളിക്കുന്ന്, കൽപ്പകഞ്ചേരി പോസ്റ്റോഫീസുകളിലും മഞ്ചേരി ഡിവിഷനിൽ വള്ളുവമ്പ്രം, കുട്ടത്തി, ഇരുമ്പുഴി, കൽക്കുണ്ട്, ഹാജിയാർപള്ളി, പൊന്ന്യാംകുറിശ്ശി പോസ്റ്റോഫീസുകളിലുമാണ് ഈ സൗകര്യം ആദ്യഘട്ടത്തിൽ ആരംഭിച്ചത്. പോസ്റ്റ്മാൻമാരുടെ പരിശീലനം പൂർത്തിയാകുന്നമുറയ്ക്ക് മറ്റിടങ്ങളിലും ഈ സൗകര്യം ലഭ്യമാകും.

കുട്ടികൾക്ക് ആധാർകാർഡ് എടുക്കുന്നതിനുള്ള സൗകര്യവും വൈകാതെ വീട്ടിൽ ലഭ്യമാകും. ഇതു പൂർണമായും സൗജന്യമാണ്. പിതാവിന്റെ ആധാറും വിരലടയാളവുംവെച്ചാണു കുട്ടികളെ ആധാറിൽ ചേർക്കുക. ആധാറിലെ തെറ്റുകൾ തിരുത്താനും സൗകര്യമുണ്ടാകും.

പോസ്റ്റ്മാൻമാർ മുഖേന, ആധാറുമായി ലിങ്ക്ചെയ്ത അക്കൗണ്ടിൽനിന്നു പണം നൽകുന്ന മൈക്രോ എ.ടി.എം. സംവിധാനവും നിലവിലുണ്ട്. 

Content Highlights: Mobile number on Aadhaar card can now be updated at one’s doorstep