പൊന്നാനി: മഴക്കെടുതിക്ക് ശേഷമുള്ള പകർച്ചവ്യാധികൾ തടയാൻ സഞ്ചരിക്കുന്ന ചികിത്സാലയവുമായി പൊന്നാനി നഗരസഭ. ജില്ലയിലെ ആദ്യ സഞ്ചരിക്കുന്ന ചികിത്സാലയമാണ് പൊന്നാനി തുടങ്ങിയത്. പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി.
നഗരസഭയിലെ മഴക്കെടുതി നേരിട്ട വിവിധ ഭാഗങ്ങളിലെത്തിയാണ് പരിശോധിക്കുന്നത്. ഒരു ഡോക്ടറുടെ സേവനം ചികിത്സാകേന്ദ്രത്തിലുണ്ട്. ഒരു ഫാർമസിസ്റ്റ്, ഒരു സ്റ്റാഫ് നഴ്സ്, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ സേവനസന്നദ്ധരായി ചികിത്സാകേന്ദ്രത്തിലുണ്ടാകും. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകൾ, മറ്റു പ്രതിരോധ മരുന്നുകൾ എന്നിവയും ലഭ്യമാണ്. ആരോഗ്യബോധവത്കരണത്തിലൂടെ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും പദ്ധതിയുണ്ട്.
കഴിഞ്ഞവർഷവും പ്രളയാനന്തരം സഞ്ചരിക്കുന്ന ചികിത്സാലയം നടത്തിയിരുന്നു. പൊന്നാനി താലൂക്ക് ആശുപത്രിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. അഷറഫ് പറമ്പിൽ അധ്യക്ഷനായി. ഒ.ഒ. ഷംസു, കൗൺസിലർ ഇക്ബാൽ മഞ്ചേരി, ഡോ. സന്ദീപ്, ജെ.എച്ച്.ഐ. ജിഷി എന്നിവർ പങ്കെടുത്തു.