കോഡൂർ: ജീവന്റെ നിലനില്പിനായി ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്ന കർഷകരെ പൊതുസേവകരായി അംഗീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.

പൊതുസേവകരായി കണക്കാക്കുന്ന സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കുമുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിലും ഭക്ഷണം നൽകുന്ന കർഷകരോടുള്ള നന്ദി പ്രകടനമായിട്ടെങ്കിലും അവരെ പൊതുസേവകരായി അംഗീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കോഡൂരിൽ മാതൃഭൂമിയും കോഡൂർ സർവീസ് സഹകണ ബാങ്കും ചേർന്ന് കോഡൂർ ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ ജൈവകൃഷി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യ, വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുന്ന തെറ്റായ കരാർ ഉടമ്പടികളാണ് നമ്മുടെ ഉത്പന്നങ്ങളുടെ വിലയിടിവിനും കർഷകനെ പാപ്പരാക്കുന്നതിനും കാരണമെന്നും ഇത് ആരും ശ്രദ്ധിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുൾപ്പെടെയുള്ള പുതുതലമുറയെ കാർഷികരംഗത്തേക്ക്‌ ആകർഷിക്കുന്നതിനും വിജ്ഞാനപ്രദമായ കാർഷികാനുബന്ധ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും മാതൃഭൂമിയെടുക്കുന്ന താത്പര്യം പ്രത്യേകം പ്രശംസിക്കേണ്ടതാണെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

പുത്തനറിവുകളുമായി ജൈവകൃഷി സെമിനാർ

പുത്തനറിവുകൾ പകർന്ന ജൈവകൃഷി സെമിനാർ ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധയമായി. കൃഷിയുടെ പ്രാധാന്യത്തിലൂന്നിയായിരുന്നു മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഉദ്ഘാടനപ്രസംഗം. ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം മേധാവി പി.കെ. അബ്ദുൽജബ്ബാർ ജൈവകൃഷിയുടെ പ്രാധാന്യം, കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കാർഷികപദ്ധതികളും സഹായവും തുടങ്ങിയ വിഷയങ്ങളിലൂന്നി സെമിനാറിനെ പൂർണതയിലെത്തിച്ചു.

പി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, പഞ്ചായത്തംഗം കെ.എം. സുബൈർ, കോഡൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് വി.പി. അനിൽകുമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൻ കെ. റാബിയ, ജില്ലാ കൃഷിഓഫീസർ എം.കെ. നാരായണൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്, കോഡൂർ കൃഷി ഓഫീസർ സി. മുസ്‌ഫിറ മുഹമ്മദ്, കോഡൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. മോഹൻദാസ്, മാതൃഭൂമി സെയിൽസ് കോ-ഓർഡിനേറ്റർ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.