പെരിന്തൽമണ്ണ : ബസിനകത്തിരുന്ന് പാലും പാലുത്പന്നങ്ങളും കഴിക്കാനും വാങ്ങിക്കൊണ്ടുപോകാനും സൗകര്യമൊരുക്കിയുള്ള ‘ഫുഡ് ട്രക്ക്‌’ ഞായറാഴ്‌ച പെരിന്തൽമണ്ണയിൽ തുടങ്ങുന്നു.

മിൽമ മലബാർ യൂണിയനും കെ.എസ്.ആർ.ടി.സി.യും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിലെ ആദ്യത്തേതാണ് പെരിന്തൽമണ്ണയിൽ തുടങ്ങുന്നത്. ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് മന്ത്രി വി. അബ്ദുറഹിമാൻ ഫുഡ് ട്രക്ക് ജനങ്ങൾക്കായി തുറന്നുകൊടുക്കും.

കെ.എസ്.ആർ.ടി.സി.യിൽ നിന്ന് പ്രതിമാസ വാടകയിൽ മിൽമ വാങ്ങിയ ബസാണിത്. രണ്ടുലക്ഷം രൂപ ചെലവിട്ട് പ്രത്യേകം രൂപകല്പന ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുണ്ടെന്ന് മിൽമ മലപ്പുറം ഡയറി മാനേജർ മാത്യു വർഗീസ് അറിയിച്ചു. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്കുള്ളിൽ തന്നെയാണ് യാത്രക്കാർക്ക് സൗകര്യമാകുംവിധം ഫുഡ് ട്രക്ക് സജ്ജമാക്കിയത്. തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഫുഡ് ട്രക്ക് നേരത്തേ തുടങ്ങിയിരുന്നു. മലബാർ മേഖലയിലെ രണ്ടാമത്തേതാണ് പെരിന്തൽമണ്ണയിലേത്.

ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണി അധ്യക്ഷതവഹിക്കും. നജീബ് കാന്തപുരം എം.എൽ.എ. മുഖ്യാതിഥിയാകും. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി ആദ്യവിൽപ്പന നടത്തും. കെ.എസ്.ആർ.ടി.സി. ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണൻ, മിൽമ മലബാർ യൂണിയൻ ഡയറക്ടർ ടി.പി. ഉസ്‌മാൻ, മാനേജിങ് ഡയറക്ടർ ഡോ. പി. മുരളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.