കാളികാവ് : സംസ്ഥാനത്ത് മാവോവാദി സായുധ പരിശീലനത്തിനു നേതൃത്വം നൽകിയ ദീപക്കി(ചന്തു)നെ നിലമ്പൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. നിലമ്പൂർ വരയൻമല കേസ് എൻ.ഐ.എ. ഏറ്റെടുത്തിനു പിന്നാലെയാണ് തെളിവെടുപ്പ്. ദീപകിനെ കൂടാതെ കർണാടകത്തിൽനിന്നുള്ള മാവോവാദികളായ ചിന്ന രമേശൻ, ശോഭ എന്നിവരടക്കം മൂന്നുപേരെ തെളിവെടുപ്പിന് ഒരുമിച്ചെത്തിച്ചു.

തിങ്കളാഴ്ചയാണ് കനത്ത സായുധ സേനയുടെ കാവലിൽ വരയൻമല വനത്തിൽ തെളിവെടുപ്പ് നടത്തിയത്. 2016-ൽ പടുക്ക ഫോറസ്റ്റിനു കീഴിലെ വരയൻമല വനമേഖലയിൽ ആയുധപരിശീലനം നടത്തിയ സംഘത്തിലുള്ളവരാണ് മൂന്നുപേരും. 11-ന് വനത്തിലേക്ക് പ്രവേശിച്ച സംഘം വൈകീട്ട് നാലിനാണ് മടങ്ങിയെത്തിയത്.

അന്വേഷണ സംഘത്തിൽ ഒൻപത് വാഹനങ്ങളിലായി 60 അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടരക്കിലോമീറ്റർ ഉൾക്കാട്ടിലൂടെ നടന്നാണ് തെളിവെടുപ്പു നടത്തിയത്. ഓരോ പ്രദേശവും എൻ.ഐ.എ. സംഘം വീഡിയോയിൽ പകർത്തി. യോഗംചേർന്ന സ്ഥലവും പരേഡ് നടത്തിയ പ്രദേശവും മൂന്നുപേരും തിരിച്ചറിഞ്ഞു. രണ്ടു വർഷമായി ദീപക് ഛത്തീസ്ഗഢ് ജയിലിലാണ്. 2010-ൽ 76 സുരക്ഷാഭടൻമാരെ വധിച്ച ദണ്ഡേവാഡ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് ദീപകിനെ ഛത്തീസ്ഗഢ് പോലീസ് കസ്റ്റഡിയിൽവെച്ചിട്ടുള്ളത്. മാവോവാദികളിൽ പോരാട്ടവീര്യം കൂടി ബസ്തർ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി അംഗം കൂടിയായ ദീപകിനെ ഛത്തീസ്ഗഢിൽനിന്ന് പുറത്തെത്തിക്കുന്നത് പ്രയാസമാണ്.

എൻ.ഐ.എയുടെ നിർദേശപ്രകാരം ചത്തീസ്ഗഢ് പോലീസാണ് ദീപകിനെ എടക്കരയിൽ എത്തിച്ചത്. ചിന്ന രമേശൻ കർണാടക ജയിലിലും ശോഭ കോയമ്പത്തൂർ ജയിലിലുമാണ്. ക്യാമ്പ് നിലനിന്ന സ്ഥലത്തെത്തിയപ്പോൾ ചിന്ന രമേശൻ മാവോവാദി മുദ്രാവാക്യം വിളിച്ചു. ദീപക്കിനെ ശാന്തനായാണ് കാണപ്പെട്ടതെന്ന് അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു.‌

തെളിവെടുപ്പിന് എൻ.ഐ.എ. കൊച്ചി യൂണിറ്റ് അഡീഷണൽ എസ്.പി. ഷാഹുൽ ഹമീദ്, രാധാകൃഷ്ണപിള്ള, ഇൻസ്പെക്ടർ ഉമേഷ് റോയ്, നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം, എടക്കര പോലീസ് ഇൻസ്പെക്ടർ മഞ്ജിത് ലാൽ, പടുക്ക ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി. ബിജു എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.

രാത്രിയോടെ അതിസുരക്ഷയിൽ മൂന്നുപേരെയും എൻ.ഐ.എ.യുടെ കൊച്ചി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. മൊഴിയെടുക്കൽ കൊച്ചിയിൽ പൂർത്തിയാക്കും. ദീപകിനെ കേരള പോലീസ് അന്വേഷിക്കുന്ന കേസിലേക്ക് കസ്റ്റഡിയിൽ വാങ്ങിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

ഛത്തീസ്ഗഢിൽനിന്ന് എത്തിച്ച സാഹചര്യത്തിൽ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.