aravindകാളികാവ്: മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റുമരിച്ച അരവിന്ദിന്റെയും രമയുടെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല. ബന്ധുക്കളേയും കാത്ത് മൃതദേഹം തൃശ്ശൂർ മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം മറവുചെയ്യുന്നതിനുള്ള ഹൈക്കോടതി സ്റ്റേ തിങ്കളാഴ്ച അവസാനിക്കും.

മാവോവാദി അനുകൂലികളാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച വീണ്ടും പോലീസ് കോടതിയെ സമീപിക്കും. ഒക്ടോബർ 29-നാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച നാലുപേരിൽ മണിവാസകത്തിെന്റയും കാർത്തികിെന്റയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. രമയുടെയും അരവിന്ദിന്റെയും മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ കൂട്ടാക്കുന്നില്ല.

പോലീസിനെ കുരുക്കിലാക്കാൻ ലക്ഷ്യമിട്ടാണ് മാവോവാദികൾ മൃതദേഹം ഏറ്റുവാങ്ങാതിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. രമയുടെ ബന്ധുക്കളെ തമിഴ്നാട് പോലീസ് സമീപിച്ചെങ്കിലും നിങ്ങൾതന്നെ വേണ്ടത് ചെയ്തോളൂ എന്നായിരുന്നു മറുപടി.

മരിച്ചയാൾക്ക് അരവിന്ദ് എന്ന ഒരു പേരുള്ളതുതന്നെ ബന്ധുക്കൾക്ക് അറിയില്ല. ചെന്നൈ സ്വദേശിയായ കാണാതായ ശ്രീനിവാസനാണ് മരിച്ചതെന്നാണ് പറയുന്നത്. ശ്രീനിവാസന്റെ ബന്ധുക്കൾ തൃശ്ശൂരിലെത്തിയെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞില്ല എന്ന നിലപാടിലാണ്. മരിച്ചത് ശ്രീനിവാസൻ എന്ന അരവിന്ദ് തന്നെയാണെന്ന് പോലീസ് അവകാശപ്പെടുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഡി.എൻ.എ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോടതി അനുമതി ലഭിച്ചാൽത്തന്നെ മൃതദേഹം ദഹിപ്പിക്കാൻ സാധ്യതയില്ല. ബന്ധുക്കൾ വീണ്ടും അവകാശവാദവുമായി എത്തിയാൽ വീണ്ടും മൃതദേഹ പരിശോധന നടത്തേണ്ടതായി വരും. 20 ദിവസമായ മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്.