മഞ്ചേരി: നഗരത്തിലെ രണ്ടുസിഗ്നൽ വിളക്കുകളും തകരാറിലായതോടെ മഞ്ചേരിയിൽ ഗതാഗതം താറുമാറായി. സെൻട്രൽ ജങ്ഷനിലെയും ജസീല ജങ്ഷനിലെയും സിഗ്നൽ വിളക്കുകളാണ് തകരാറിലായത്. സെൻട്രൽ ജങ്ഷനിൽ ഒരുമാസത്തിലേറെയായി വിളക്ക് പ്രവർത്തിക്കുന്നില്ല. ഒരാഴ്ചമുമ്പാണ് ജസീല ജങ്ഷനിലും സിഗ്നൽ നിലച്ചത്. ഇതോടെ വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല. ഗതാഗതക്കുരുക്കും രൂക്ഷമാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ ഇരുചക്രവാഹനക്കാരടക്കം വലയുകയാണ്. വിഷുവിനോട് അനുബന്ധിച്ച് നഗരത്തിൽ തിരക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി സെൻട്രൽ ജങ്ഷനിൽ നാലുഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങൾ കടന്നതോടെ ഏറെനേരം കുരുക്കായി.

നാട്ടുകാരാണ് ഗതാഗതം നിയന്ത്രിച്ചത്. ഗതാഗതപരിഷ്കരണം കൂടി നടപ്പാക്കിയതോടെ വാഹനത്തിരക്ക് കൂടിയിട്ടുണ്ട്. ട്രാഫിക് പോലീസും ഹോംഗാർഡുകളും ചേർന്നാലും നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ്. ചൂടുകടുത്തതോടെ റോഡിന് നടുവിൽനിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിന് ഇവരും കഷ്ടപ്പെടുകയാണ്. സിഗ്നൽവിളക്കുകളില്ലാത്തത് ദുരിതം ഇരട്ടിയാക്കി.

തിരഞ്ഞെടുപ്പ് ജോലികൾക്കായി പോലീസുകാർ പോയത് ട്രാഫിക് വിഭാഗത്തിനെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കെൽട്രോണിനാണ് ട്രാഫിക് സിഗ്നൽവിളക്കുകളുടെ ചുമതലയുള്ളതെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നും ട്രാഫിക് പോലീസ് അറിയിച്ചു.