മഞ്ചേരി: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കൗൺസിലർക്ക് യോഗത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കി മഞ്ചേരി നഗരസഭാധികൃതർ.

മുസ്‌ലിംലീഗ് കൗൺസിലർ കാളിയാർത്തൊടി കുട്ടനാണ് ആറുമാസത്തിനുശേഷം കൗൺസിൽയോഗത്തിൽ പങ്കെടുത്തത്. വ്യാഴാഴ്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ലെങ്കിൽ അംഗത്വം നഷ്ടമാകുമായിരുന്നു. ഓഗസ്റ്റ് 28-നാണ് കുട്ടൻ മുമ്പ് യോഗത്തിനെത്തിയത്. അന്ന്‌ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും സമരം നടത്തുകയുംചെയ്തു. കൗൺസിൽഹാളിൽ അംഗങ്ങളെല്ലാം കയറിപ്പോഴാണ് അധ്യക്ഷയ്ക്ക്‌ ഒപ്പം ഇയാൾ എത്തിയത്. മിനുട്ട്‌സിൽ പെട്ടെന്ന് ഒപ്പിടുകയുംചെയ്തു. പിന്നീടാണ് പ്രതിപക്ഷം ഇത്‌ കണ്ടത്. അതോടെ എതിർപ്പുയർത്തി എൽ.ഡി.എഫ്. യോഗം ബഹിഷ്കരിച്ചു. ബി.ജെ.പി. അംഗം പി.ജി. ഉപേന്ദ്രനും പുറത്തുപോയി. ചൊവ്വാഴ്ച ബജറ്റും ബുധനാഴ്ച ചർച്ചയും നടത്തിയശേഷമാണ് തൊട്ടടുത്തദിവസം പ്രത്യേക കൗൺസിൽയോഗം വിളിച്ചത്. ഇത് കാളിയാർത്തൊടി കുട്ടനെ അയോഗ്യതയിൽ നിന്ന്‌ രകക്ഷിക്കാനാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ആറുമാസങ്ങൾക്ക്മുൻപും ഇതായിരുന്നു സംഭവിച്ചതെന്ന് അവർ പറയുന്നു.

10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കാളിയാർത്തൊടി കുട്ടനെ പോലീസ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തിന്റെ രാജിക്കായി എൽ.ഡി.എഫ്. സമരം നടത്തിയിരുന്നു. എന്നാൽ ശിക്ഷിക്കപ്പെടുന്നതുവരെ രാജിവയ്‌ക്കേണ്ടെന്നാണ് മുസ്‌ലിംലീഗ് നിലപാട് സ്വീകരിച്ചത്. പ്രതിഷേധസമരത്തിന് മാഞ്ചേരി ഫസ്ല, കെ.സി.ഉണ്ണിക്കൃഷ്ണൻ, അലവി മാര്യാട്, ആയിഷാ കാരാട്ട്, കൃഷ്ണദാസ് രാജ, രജനി തുടങ്ങിയവർ നേതൃത്വം നൽകി.