മഞ്ചേരി: പാതയോരങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യത്തിന്റെ നാറ്റമടിച്ച് ജനം മൂക്കുപൊത്തിയിട്ടും കുലുക്കമില്ലാതെ നഗരസഭ അധികൃതർ. എൻ.എസ്.എസ്.സ്‌കൂളിന് മുൻവശം, ശ്രീകൃഷ്ണക്ഷേത്രം റോഡ്, ചെങ്ങണബൈപ്പാസ്, സി.എച്ച്.ബൈപ്പാസ് തുടങ്ങിയ ഇടങ്ങളിലാണ് മാലിന്യം തള്ളുന്നത്. എൻ.എസ്.എസ്.സ്‌കൂളിന് മുൻവശത്ത് മാലിന്യം തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുമ്പ് നഗരസഭയ്ക്ക് നിവേദനം നല്കിയിരുന്നു. നടപടിയുണ്ടായില്ല. വ്യക്തിയുടെ പറമ്പിലും വഴിയോരത്തുമായി ഭക്ഷണഅവശിഷ്ടങ്ങളും മദ്യക്കുപ്പികളുമടക്കം തളളിയിരിക്കുകയാണ്. ഡോക്ടേഴ്‌സ് കോളനിയിൽനിന്ന് കോഴിക്കോട് റോഡിലേക്കെത്താനുള്ള ചെറിയറോഡിൽ ചാക്കുകളിലായാണ് മാലിന്യം തള്ളുന്നത്.

സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു മുമ്പ് തള്ളിയിരുന്നത്. മതിലുകെട്ടിയതോടെ റോഡിലാണ് ഉപേക്ഷിക്കുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി. സ്ഥാപിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം വീമ്പുപറച്ചിലായി അവസാനിച്ചു. റസിഡൻസ് ക്വാർട്ടേഴ്‌സുകളിലും മറ്റും മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കുന്നുണ്ടോയെന്ന് പരിശോധിക്കാറില്ല. ഭീമമായ വാടക ഈടാക്കാറുണ്ടെങ്കിലും മാലിന്യം സംസ്‌കരിക്കേണ്ടത് താമസക്കാരന്റെ ബാധ്യതയാണ്. ഇതാണ് വഴിയോരത്തെ മാലിന്യം തള്ളലിന് പിന്നിലെന്നാണ് സൂചന.