മഞ്ചേരി: ആനക്കയം ഗവേഷണകേന്ദ്രത്തിൽ ജില്ലയിലെ ആദ്യത്തെ അഗ്രോ ടൂറിസം പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയായി. നിരീക്ഷണഗോപുരം, ഗസ്റ്റ്ഹൗസ്, ഉദ്യാനം, ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തോട്ടം തുടങ്ങിയവയാണ് ഒരുക്കിയത്. കുട്ടികൾക്കായി പ്രത്യേക പാർക്കുണ്ട്. ഇവിടെ ഒമ്പത്‌ റൈഡുകളുണ്ട്. ജലസംഭരണികൾക്കുചുറ്റിലും നടപ്പാതയുമുണ്ട്. ഒരുകോടി രൂപ ചെലവിലാണ് ഒന്നാംഘട്ടം പൂർത്തിയായത്.

ഗവേഷണകേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാനും കൃഷിരീതികൾ പഠിപ്പിക്കാനുമാണ് അഞ്ചുവർഷം മുമ്പ് അഗ്രോ-ടൂറിസം പദ്ധതി തയ്യാറാക്കിയത്. ദൂരെനിന്നു വരുന്നവർക്ക് താമസിക്കാനായി അതിഥിമന്ദിരം നിർമിച്ചു.

ആനക്കയം ഗവേഷണകേന്ദ്രം കാണാൻ ഇതരസംസ്ഥാനങ്ങളിൽനിന്ന് സന്ദർശകരെത്തുന്നുണ്ട്. വിത്തുകളുടെയും ചെടികളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും മികച്ച വിൽപ്പനയാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഒന്നേകാൽകോടി രൂപയുടെ വിറ്റുവരവാണുണ്ടായത്.

Content Highlights: Manjeri anakkayam agro tourism park