മഞ്ചേരി: മഞ്ചേരിയില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. മേലാക്കം വലിയപീടികക്കല്‍ അയൂബ് (30) ആണ് പിടിയിലായത്.

കച്ചേരിപ്പടി ബസ് ടെര്‍മിനലില്‍ കഴിഞ്ഞിരുന്ന നാടോടികളായ മുരുകന്‍, കന്യാകുമാരി എന്നിവരുടെ കുഞ്ഞിനെയാണ് തിങ്കളാഴ്ച രാത്രി വെട്ടിപരിക്കേല്പിച്ചത്. കന്യാകുമാരിയെ കടന്നുപിടിച്ചത് തടയാന്‍ ശ്രമിച്ചപ്പോള്‍ ൈകയിലുണ്ടായിരുന്ന കത്തി ഇയാള്‍ വീശുകയായിരുന്നു. ഇതിലാണ് കുഞ്ഞിന് പരിക്കേറ്റത്.

മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് മൂന്നു തുന്നലിടേണ്ടിവന്നു. ജില്ലാശിശുസംരക്ഷണയൂണിറ്റിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്. അയ്യൂബിനെതിരേ കൊലപാതകശ്രമത്തിന് കേസ് നിലവിലുണ്ട്. അഞ്ചിലധികം കഞ്ചാവുകേസുകളും നിരവധി മോഷണക്കേസുകളുമുണ്ട്. മൂന്നുവര്‍ഷം മുന്‍പ് കെ.എസ്.ഇ.ബി. ജീവനക്കാരനെ ചെരണിയില്‍ ആക്രമിച്ച് പണം കവര്‍ന്നകേസില്‍ ശിക്ഷലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്. റെയില്‍വേപോലീസ് കാപ്പാനിയമപ്രകാരം ജയിലിലടച്ചിരുന്ന ഇയാള്‍ ഒരുമാസം മുന്‍പാണ് പുറത്തിറങ്ങിയത്.
 

വെട്ടേറ്റ കുഞ്ഞിനെ ഏറ്റെടുക്കാനായില്ല

മഞ്ചേരി: കച്ചേരിപ്പടി ബസ് ടെര്‍മിനലില്‍ കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കാന്‍ ശിശുസംരക്ഷണയൂണിറ്റിനായില്ല. മാതാപിതാക്കള്‍ മഞ്ചേരിയില്‍നിന്ന് പോയതായാണ് വിവരം ലഭിച്ചത്. സംഭവത്തിലെ പ്രതി ആക്രമിക്കുമെന്ന ഭയമായിരിക്കാം ഇവര്‍ ഇവിടം ഉപേക്ഷിക്കാന്‍ കാരണമായി കരുതുന്നത്.

കഴിഞ്ഞദിവസം ശിശുസംരക്ഷണ ഓഫീസര്‍ സമീര്‍ മച്ചിങ്ങലിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. കുഞ്ഞിനെ ബുധനാഴ്ച വിട്ടുനല്കാമെന്നാണ് മാതാപിതാക്കളായ കന്യാകുമാരിയും മുരുകനും അറിയിച്ചത്.