മഞ്ചേരി: പ്ലാസ്റ്റിക്കിൽനിന്ന് ഇന്റർലോക്കുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാർഥികൾ. മഞ്ചേരി ഏറനാട് നോളേജ് സിറ്റി ടെക്‌നിക്കൽ കാമ്പസിലെ അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളാണ് മാലിന്യപ്രശ്‌നത്തിനൊരു പരിഹാരസാധ്യതയുമായി എത്തിയത്. തിരുവനന്തപുരത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ സ്റ്റാർട്ടപ്പ് ഇന്ത്യ കേരളയാത്രയിൽ ബി.ടെക്. വിദ്യാർഥിയായ റിസ്വാൻ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീം കണ്ടെത്തൽ അവതരിപ്പിച്ചു.

പ്ലാസ്റ്റിക്കിൽനിന്ന് വിരി ഇഷ്ടികയും ഇന്റർലോക്ക് ഇഷ്ടികയും നിർമിക്കുമ്പോൾ ഉണ്ടാകുന്ന വാതകം വലിയൊരു പ്രശ്‌നമാണ്. എന്നാൽ ഈ വാതകം പ്രയോജനപ്പെടുത്തി ജിപ്‌സം ബ്ലോക്കുകൾകൂടി ഉണ്ടാക്കാൻ കഴിഞ്ഞത് ഇവരുടെമാത്രം നേട്ടമായി. പ്ലാസ്റ്റിക്കിൽനിന്നുമുള്ള ഇഷ്ടിക എന്ന രീതിയിൽ പ്ലാസ്ബ്രിക് എന്നാണ് പുതിയ ഇഷ്ടികയ്ക്കു പേരുനൽകിയത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ നടന്ന സ്റ്റാർട്ടപ്പ് ഗ്രാൻഡ് ഫിനാലെയിൽ മികച്ച സാമൂഹികപ്രതിബദ്ധതയുള്ള സംരംഭത്തിനുള്ള പുരസ്കാരം റിസ്വാനെയും സുഹൃത്തുക്കളെയും തേടിയെത്തിയിരുന്നു. ഒന്നാംസമ്മാനമായ 75,000 രൂപയും ഇവർക്ക് ലഭിച്ചു.

ഗ്രാമങ്ങളിലും നഗരങ്ങളിലും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തിലുള്ള ഒരു സ്റ്റാർട്ടപ്പ് ആശയത്തിനു പിന്നിൽ. കുടുംബശ്രീ യൂണിറ്റ് വഴിയും മറ്റും പ്ലാസ്റ്റിക് ശേഖരണം നടത്തി ഉത്പാദനം തുടങ്ങാനാണ് ആഗ്രഹം. അഷ്ഫാഖ്, ഡാനിഷ്, അസ്‌ലം ഷാഹിദ്, ഫാസിൽ, ഷാഹിൽ എന്നീ വിദ്യാർഥികൾ റിസ്വാനൊപ്പം സംരംഭത്തിൽ പങ്കാളികളായി. ഏറനാട് നോളേജ് സിറ്റിയിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ വി.പി. മുഹമ്മദ് റബീഹിന്റെയും ഷമീലിന്റെയും മേൽനോട്ടത്തിലായിരുന്നു പഠന ഗവേഷണങ്ങൾ.