മഞ്ചേരി: മഞ്ചേരിയിലെ ഗതാഗതപരിഷ്കാരത്തിന്റെ രണ്ടാംദിനവും ഒരുവിഭാഗം ബസ്സുകൾ കച്ചേരിപ്പടി ബസ് സ്റ്റാൻഡ് ബഹിഷ്കരിച്ചു. മഞ്ചേരിയിൽ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട്, കൊണ്ടോട്ടി ബസുകളാണ് സ്റ്റാൻഡിൽ കയറാത്തത്. ചിലബസുകൾ ട്രിപ്പുകൾ റദ്ദാക്കി. മറ്റുചിലത് ബൈപ്പാസ് റോഡരികിൽ ഒതുക്കി.

വൈകുന്നേരം കച്ചേരിപ്പടി ബസ് സ്റ്റാൻഡുകളിലെത്തിയ വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പുതിയ ബസ് സ്റ്റാൻഡിൽനിന്നും നിലമ്പൂർ -വഴിക്കടവ് ബസുകളെത്തിയത്. ഇവയിൽ തിരക്കും രൂക്ഷമായിരുന്നു.

പുതിയ സ്റ്റാൻഡിൽനിന്നും യാത്രക്കാരെക്കയറ്റി സി.എച്ച്. ബൈപ്പാസുവഴിയും പല ബസുകളും യാത്ര നടത്തി. വൈകുന്നേരം കച്ചേരിപ്പടിയിൽനിന്നും ചില സ്വകാര്യബസുകൾ സർവീസ് നടത്താൻ തയ്യാറായതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.

തിങ്കളാഴ്ചയാണ് കോഴിക്കോട്, കൊണ്ടോട്ടി ബസുകളെ കച്ചേരിപ്പടി ബസ് സ്റ്റാൻഡിലാക്കി പുതിയ പരിഷ്കാരം നടപ്പാക്കിയത്. എന്നാൽ നിലമ്പൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ പുതിയ സ്റ്റാൻഡിലും മഞ്ചേരിയിൽ യാത്ര അവസാനിക്കുന്ന ബസുകൾ കച്ചേരിപ്പടിയിലുമായി. ഇത് ഒരുവിഭാഗം ബസുകൾക്ക് വരുമാനനഷ്ടവും മറുവിഭാഗം ബസുകൾക്ക് സമയനഷ്ടവുമുണ്ടാക്കുന്നുവെന്ന് പരാതിയായി. പുതിയ ഗതാഗതപരിഷ്കാരം ചർച്ച ചെയ്യാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ ബുധനാഴ്ച യോഗം ചേരും.

Content Highlights: Mancheri Bus Stand Renovation