മഞ്ചേരി : പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമായതോടെ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആശുപത്രിയിലെത്താൻ വഴിയില്ല.

ലോക് ഡൗൺകാലത്ത് ജില്ലാഭരണകൂടം ജീവനക്കാർക്ക് ആശുപത്രിയിലെത്താൻ സൗകര്യമൊരുക്കിയിരുന്നു. ഇപ്പോൾ സ്വന്തം ഉത്തരവാദിത്വത്തിൽ ജോലിക്കെത്തണമെന്നാണ് അധികൃതരുടെ നിലപാട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ തുടങ്ങി മെഡിക്കൽകോളേജുകളിൽ വരെയുള്ള ജീവനക്കാരെയാണ് ബസുകളില്ലാത്തത് വലയ്ക്കുന്നത്. സ്വന്തം വാഹനത്തിൽപ്പോയാലും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ പോലീസ് തടയുന്നുവെന്ന പ്രശ്നവുമുണ്ട്. രാത്രിയിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിനാൽ പിറ്റേന്ന് ജോലിക്കിറങ്ങി പാതിവഴിയിലായ അനുഭവങ്ങളും ജീവനക്കാർ പറയുന്നു.

മെഡിക്കൽകോളേജ് ആശുപത്രികളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒരാഴ്ചമുൻപ്‌ നിർത്തലാക്കിയിരുന്നു. ഏഴുദിവസം വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ആശുപത്രികളിൽ രോഗികൾ കൂടിയതാണ് അധികൃതർ കാരണം പറയുന്നത്. ജീവനക്കാരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ അവർക്ക് താമസസൗകര്യമൊരുക്കേണ്ടതും വെല്ലുവിളിയായി. സ്വന്തം ജില്ലയ്ക്കുപുറത്തെ മെഡിക്കൽകോളേജ് ആശുപത്രികളിൽ ജോലിചെയ്യുന്ന ജീവനക്കാരാണ് ഏറ്റവും വലയുന്നത്.