മഞ്ചേരി : മെഡിക്കൽകോളേജ് കോവിഡ് കേന്ദ്രത്തിലേക്ക് നിയമിച്ച രണ്ടു ഗൈനക്കോളജിസ്റ്റുകളും ചുമതലയേറ്റില്ല.
കോഴിക്കോട് മെഡിക്കൽകോളേജിൽ നിന്നുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരെയാണ് മഞ്ചേരിയിലേക്ക് നിയമിച്ചത്. 21-നാണ് ഡി.എം.ഇ. ഉത്തരവിട്ടത്. ഗൈനക്കോളജിസ്റ്റുകൾ ഇല്ലാത്തതിനാൽ പ്രസവത്തീയതി അടുത്തതും സങ്കീർണമായതുമായ കേസുകൾ കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് അയയ്ക്കുകയാണ്. കോവിഡ് ഫലം നെഗറ്റീവാകുന്നവരെ വീട്ടിലേക്ക് വിടുന്നുണ്ട്.
ചുമതലയേൽക്കാത്തിന് ഡോക്ടർമാർ കാരണങ്ങളൊന്നും അറിയിച്ചിട്ടില്ല. വൈകാതെ ചുമതലയേൽക്കുമെന്നാണ് കരുതുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. തൃശ്ശൂർ മെഡിക്കൽകോളേജിൽനിന്ന് രണ്ടു പി.ജി. വിദ്യാർഥികൾ എത്തിയിട്ടുണ്ടെങ്കിലും ഒ.പി, വാർഡുകൾ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് കഴിഞ്ഞദിവസം അടിയന്തരശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ഗൈനക്കോളജിസ്റ്റുകൾ ഇല്ലാത്തതിനാൽ വകുപ്പുമേധാവിയാണ് ശസ്ത്രക്രിയ ചെയ്തത്.
മൂന്നു ഗൈനക്കോളജിസ്റ്റുകൾ ഒൻപതുദിവസത്തെ ജോലിക്കുശേഷം വിശ്രമത്തിൽ പോയതോടെയാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം ഭാഗികമായത്. ഇതിൽ ഒരു ഗൈനക്കോളജിസ്റ്റ് നീണ്ട അവധിയിലും പ്രവേശിച്ചു. രണ്ടുപേർ കൂടിയെത്തുമ്പോൾ നാലുപേരുടെ സേവനമാണ് ലഭ്യമാകുന്നത്. ദിവസം മൂന്നു ഡോക്ടർമാർ വേണ്ടിവരും. 24 ഗർഭിണികളാണ് ചികിത്സയിലുള്ളത്. ഇതിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.