മഞ്ചേരി : മഞ്ചേരിയിൽ പൂട്ടിക്കിടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകലൈബ്രറി കെ. മാധവൻനായർ സ്മാരക കെട്ടിടത്തിലേക്ക് മാറും. നഗരസഭ പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറിയതോടെയാണ് ഇവിടെ ലൈബ്രറി വരുന്നത്. പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബഷീർസ്മാരക ലൈബ്രറി വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. പുസ്തകങ്ങളും വെറുതെ കിടക്കുകയാണ്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾക്ക് വായനയ്ക്കും സാംസ്കാരികപ്രവർത്തനങ്ങൾക്കും കേന്ദ്രമാവാനാണ് രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് കെ. മാധവൻനായർ സ്മാരകകെട്ടിടം നിർമിച്ചത്.
എന്നാൽ പിന്നീട് ഇത് നഗരസഭയുടെ ആസ്ഥാനമായി മാറ്റുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ അവസ്ഥയും ഇതുപോലെയാണ്. നഗരസഭ പുതിയകെട്ടിടം നിർമിച്ചതോടെയാണ് രണ്ടുമഹാൻമാരുടെ പേരിലുള്ള സ്ഥാപനങ്ങൾ ഒരുസ്ഥലത്തുതന്നെയാക്കാൻ തീരുമാനിച്ചത്.
അടുത്ത കൗൺസിൽയോഗത്തിൽ വിഷയം ചർച്ചചെയ്യുമെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ അറിയിച്ചു.
എന്നാൽ രണ്ടും പ്രത്യേക കേന്ദ്രങ്ങളാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.