മമ്പാട്: മുസ്‌ലിംലീഗ് ജില്ലാസമിതി ഇടപെട്ട് മരവിപ്പിച്ച വിഭാഗത്തിന് സർവീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വിജയം. മത്സരംനടന്ന എട്ടു സീറ്റുകളിലും അവർ വിജയിച്ചു. മത്സരംനടന്ന മൂന്ന് സീറ്റിൽ കോൺഗ്രസും ജയിച്ചു.
മരവിപ്പിച്ച വിഭാഗവും കോൺഗ്രസും നേരത്തെയുള്ള ധാരണപ്രകാരമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുമുന്നണി മത്സര രംഗത്തുണ്ടായിരുന്നില്ല. മുസ്‌ലിംലീഗിൽ എതിർപക്ഷത്തെ മൂന്നുപേർ നിയമാനുസൃതം സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടതാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പിൽനിന്ന് പിൻവാങ്ങിയതായി ചൂണ്ടിക്കാട്ടി മൂവരും ലഘുലേഖകളിറക്കിയിരുന്നെങ്കിലും പിൻവലിക്കാനുള്ള തീയതി കഴിഞ്ഞതിനാൽ ചട്ടപ്രകാരം വോട്ടെടുപ്പ് വേണ്ടിവന്നു. 25-ൽ താഴേവോട്ടുകൾ ഇവർക്ക് ലഭിച്ചു. മരവിപ്പിച്ച വിഭാഗത്തിൽ എല്ലാവർക്കും 850-ലേറെ വോട്ടുകളുണ്ട്. കോൺഗ്രസ് സ്ഥാനാർഥികളുടെ വോട്ടുനിലയും സമാന രീതിയിലാണ്.
കാൽ നൂറ്റാണ്ടിനുശേഷമാണ് മമ്പാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് വോട്ടെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഇപ്പൂട്ടിങ്ങൽ സർക്കാർ എൽ.പി. സ്കൂളിൽ നാലു ബൂത്തുകളാണ് സജ്ജീകരിച്ചത്. നിലമ്പൂർ സഹകരണവകുപ്പ് ഇൻസ്പെക്ടർ വി.കെ. ഫൈസലായിരുന്നു വരണാധികാരി. ബാങ്കിൽനിന്ന് തിരിച്ചറിയൽരേഖ നൽകിയ 1500-ഓളം വോട്ടർമാരിൽ 940-പേർ വോട്ടുചെയ്യാനെത്തി.
ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമവായത്തിന് മുസ്‌ലിംലീഗ് ജില്ലാ, മണ്ഡലം ഭാരവാഹികൾ നടത്തിയ ശ്രമങ്ങൾ പരാജയമായിരുന്നു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയില്ലെന്നു കാണിച്ചും മറ്റുപ്രശ്നങ്ങൾ പറഞ്ഞും ഇതോടെ പഞ്ചായത്ത് മുസ്‌ലിംലീഗ് സമിതിയെ ജില്ലാസമിതി മരവിപ്പിക്കുകയായിരുന്നു. പഞ്ചായത്തിൽ താത്കാലിക സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ താത്കാലിക സമിതിയുമായി മരവിപ്പിച്ച സമിതി സഹകരിക്കുന്നില്ല. പഞ്ചായത്ത് ഭരണസമിതിയിലും കുടുംബശ്രീയിലും വ്യക്തമായ മേൽക്കോയ്മ മരവിപ്പിച്ച വിഭാഗത്തിനാണ്. മമ്പാട് അങ്ങാടിയിലെ മുസ്‌ലിംലീഗ് ഓഫീസും ഇവരുടെ നിയന്ത്രണത്തിലാണ്. ബാങ്ക് ഭരണസമിതികൂടി നേടിയതോടെ ഇവർ മമ്പാട്ടങ്ങാടിയിൽ പ്രകടനം നടത്തി.
വിജയികൾ: എം. അബ്ദു റഹീം, അബൂബക്കർ തങ്കേയത്ത്, അഷ്റഫ് തേനൂട്ടികല്ലിങ്ങൽ, ബഷീർ കോഴിപ്പറമ്പൻ, ഫായിസ് കാഞ്ഞിരാല, ഖാദർ ചേന്നംകുളങ്ങര, മുഹമ്മദലി കണ്ണിയൻ, മുഹമ്മദ് ബഷീർ എടത്തൻ, ബിന്ദു പള്ളിക്കത്തൊടി, റസീന താണിയംപാടം, എ. ഷെഫീന