മമ്പാട് : പഞ്ചായത്തിൽ സുഭിക്ഷകേരളം പദ്ധതിയിൽ തരിശുരഹിത മമ്പാട് പദ്ധതി ഊർജിതമായി മുന്നോട്ട്. വർഷങ്ങളായി തരിശായി കിടന്ന സ്ഥലങ്ങളിലെല്ലാം ഇന്ന് പുതുനാമ്പുകൾ പച്ചവിരിച്ചു. 30 -ഏക്കർ തരിശിടം ഇതിനകം കൃഷിയോഗ്യമാക്കിയതായി കൃഷി ഓഫീസർ എം. ഷിഹാദ് പറഞ്ഞു.

നെല്ല്, വാഴ, കപ്പ, പച്ചക്കറികൾ എന്നിവയാണ് കൃഷി. വിവിധ തൊഴിൽ മേഖലയിലെ യുവാക്കളും കൃഷി നടത്തുന്നുണ്ട്. സ്ത്രീ കൂട്ടായ്മകളും രംഗത്തുണ്ട്.

മമ്പാട് താളിപ്പൊയിലിൽ എൻജിനീയർമാരും മെഡിക്കൽ വിദ്യാർഥികളുമൊക്കെ ഉൾപ്പെടുന്ന പ്രൊഫഷണൽ സംഘമാണ് കൃഷി നടത്തുന്നത്. തരിശുഭൂമികളെല്ലാം കണ്ടെത്തി കൃഷിയിടങ്ങളാക്കുന്നതിനുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്ക് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പിന്തുണയുണ്ട്.

ഓഗസ്റ്റിൽ രണ്ടാംവിള നെൽകൃഷി ഒരുക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തുന്നുണ്ടെന്ന് കൃഷി ഓഫീസർ എം. ഷിഹാദ് പറഞ്ഞു.