മമ്പാട് : കോവിഡ്-19 സമൂഹവ്യാപനസാധ്യത കണക്കിലെടുത്ത് മമ്പാട് അങ്ങാടി ഉൾപ്പെടെ അഞ്ച് വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണാക്കിയതോടെ പോലീസ് നിരീക്ഷണം ശക്തമായി. ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീമിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച വിവിധഭാഗങ്ങളിൽ പരിശോധന നടത്തി. പൊതുജനം സഹകരിക്കണമെന്നും സ്ഥിതിഗതികൾ ആശാവഹമായാൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പെരുന്നാളിനും നിയന്ത്രണങ്ങളിൽ ഇളവു നൽകും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെത്തുടർന്നാണ് കളക്ടർ അഞ്ചുവാർഡുകളെ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. എല്ലാവരും പരമാവധി വീട്ടിൽത്തന്നെ കഴിയണം. യുവാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ജില്ലയിൽ 1400 പോസീറ്റീവ് കേസുകളിൽ യുവാക്കളാണ് കൂടുതലെന്നും പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാലയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുമായി പോലീസ് മേധാവി ചർച്ച നടത്തി. കണ്ടെയ്‌ൻമെന്റ്‌ സോൺ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചില്ലെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. ഇതിനാൽ മുൻകരുതൽ നടപടികളും മുന്നറിയിപ്പുകളും നടത്താനായില്ല. രാത്രി വൈകിയാണ് സമൂഹമാധ്യമങ്ങളിലൂടെ കളക്ടറുടെ ഉത്തരവ് പ്രചരിച്ചത്. ധാരണയില്ലാത്തതിനാൽ രാവിലെ കടകൾ തുറന്നിരുന്നു. മാംസവ്യാപാരികളും ഹോട്ടലുടമകളും ഉൾപ്പെടെയുള്ളവരാണ് തുറന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാം പോലീസ് അടപ്പിച്ചു. മുന്നറിയിപ്പ് നൽകാത്തതിനെത്തുടർന്നുണ്ടായ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികളും പഞ്ചായത്തോഫീസിൽ പരാതികളുമായെത്തി.

അതേസമയം വെള്ളിയാഴ്ച ഉച്ചയോടെതന്നെ ചിലർ സമൂഹമാധ്യമങ്ങളിൽ കണ്ടെയ്‌ൻമെന്റ് സോണുകൾ സംബന്ധിച്ച് ശബ്ദസന്ദേശം പ്രചരിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലും നാല് വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിലാക്കി കുറിപ്പിറക്കി.

മമ്പാട്ടങ്ങാടി ഉൾപ്പെടുന്ന സൗത്ത്, നോർത്ത് വാർഡുകൾ ഉൾപ്പെടെ അഞ്ച് വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിലാണെന്ന് ചൂണ്ടിക്കാട്ടി രാത്രി ജില്ലാകളക്ടറുടെ ഉത്തരവും ഇറങ്ങി. സമയക്കുറവും ആശയക്കുഴപ്പങ്ങളും പ്രതിസന്ധി സൃഷ്ടിച്ചെന്നും പഞ്ചായത്തധികൃതർ പറഞ്ഞു. രോഗനിയന്ത്രണ നടപടികളുടെ ഭാഗമായി കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ സർവേ നടത്താൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.