മമ്പാട് : ചെണ്ടുമല്ലി കർഷകർ രണ്ടാംവിളയ്ക്കുള്ള തയ്യാറെടുപ്പിലാണ്. പരീക്ഷണാർഥം ഇറക്കിയ കൃഷി കോവിഡ് കുരുക്കിൽ ഉലഞ്ഞെങ്കിലും തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. പ്രതിസന്ധികൾ ഒരുവിധം പെയ്തൊഴിഞ്ഞതിനാൽ രണ്ടാമതുമൊരു പൂക്കാലം വരവാകും.

കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് കർഷകർ പരീക്ഷണക്കൃഷി പൂർത്തീകരിച്ചത്. കൃഷിവകുപ്പ് മുൻകൈയെടുത്ത് കൂട്ടായ്‌മയും രൂപവത്കരിച്ചു. വണ്ടൂർ ബ്ലോക്കിന് കീഴിൽ 16 കർഷകരാണ് പരീക്ഷണാർഥത്തിൽ കൃഷിയൊരുക്കിയത്.

പകുതിയിലേറെപ്പേരും രണ്ടാമത് കൃഷിക്ക് തയ്യാറാണെന്ന് കൂട്ടായ്മയുടെ കൺവീനർ റിഗേഷ് ഗോകുലം പറയുന്നു. മതിയായ അറിവും പരിശീലനവും നൽകിയാണ് കർഷകരെ കൃഷിക്ക്‌ സജ്ജരാക്കിയതെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഷക്കീല പറഞ്ഞു.

പഠനം ഗുണ്ടൽപ്പേട്ടയിൽ

ഗുണ്ടൽപ്പേട്ടയിലെ ചെണ്ടുമല്ലിപ്പൂപ്പാടം സന്ദർശിച്ച് പഠിച്ചാണ് കൃഷിയിറക്കിയത്. മാർച്ച് അവസാനത്തോടെയാണ് വണ്ടൂർ ബ്ലോക്കിനുകീഴിൽ കൃഷി തുടങ്ങിയത്. രണ്ടുമുതൽ രണ്ടര മാസത്തോടെ വിളവെടുപ്പ് തുടങ്ങി. ഇപ്പോൾ അന്തിമഘട്ടത്തിലാണ്. മഞ്ഞ ചെണ്ടുമല്ലിയാണ് കൃഷിചെയ്തത്. അടുത്തഘട്ടത്തിൽ ചുവപ്പും മഞ്ഞയും ഉണ്ടാകും. കനത്തമഴ മാറിയാൽ കൃഷിയിറക്കാനാണ് തീരുമാനം. വിപണനമായിരുന്നു കർഷകർ നേരിട്ട പ്രധാനവെല്ലുവിളിയെന്ന് മമ്പാട് കൃഷി ഓഫീസർ എം. ഷിഹാദ് പറഞ്ഞു. മമ്പാട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള കൂട്ടായ്മയാണ് കൃഷി ഒരുക്കിയത്. വിളവെടുപ്പിന്റെ ഏറിയകാലവും കോവിഡ് പ്രതിസന്ധികളിൽ ഉലഞ്ഞു. ഇപ്പോൾ കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പൂക്കൾ എത്തിക്കാനാകുന്നുണ്ട്.