മമ്പാട് : കടന്നുപോകുന്ന വഴികൾ വൃത്തിയും വെടിപ്പുമുള്ളതാകണം സെവൻസ് റഫറിയായിരുന്ന കാഞ്ഞിരാല ഉണ്ണി ഹൈദറിന്. ഇല്ലെങ്കിൽ സ്വയം ചൂലെടുക്കും. പിന്നെ തുടങ്ങും ശുചീകരണം. മൈതാനത്ത്‌ കളി നിയന്ത്രിക്കുന്നവർക്ക് ഉശിരുവേണമെന്നാണ് ഹൈദർ പറയാറ്.

എങ്ങനെ കളി നിയന്ത്രിക്കണമെന്നത് പ്രായോഗികമായി കാണിക്കും.

ജീവിതത്തിൽ വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന സന്ദേശം പകർന്ന് നഗരവീഥികളിലൂടെ മടികൂടാതെ ഓടുമായിരുന്നു അദ്ദേഹം. മലപ്പുറത്തെ കളിക്കളങ്ങളിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന ഹൈദറിനെ പഴയ തലമുറക്കാർക്ക് നന്നായറിയും. ആക്‌ഷൻ റഫറിയെന്നാണ് വിളിപ്പേര്. ഉണ്ണി ഹൈദറാണ് കളി നിയന്ത്രിക്കുന്നതെങ്കിൽ ഗാലറിയിൽ അത്യാവേശം ഉയരും.

കളിക്കാരുടെ ഉന്തും തള്ളും പാകപ്പിഴവുകളുമൊക്കെ ഉണ്ണി ഹൈദറിന്റെ വിസിലൂത്തിന്റെ വട്ടത്തിൽ കുടുങ്ങും. ശരീരഭാഷകൊണ്ട് തെറ്റുകളെ വരച്ചുകാണിക്കും. റീടേക്ക് രംഗങ്ങളിൽ കാണികൾക്കും കളിക്കാർക്കും ആവേശമാകും.

നിവേദനങ്ങളും മറ്റുമായി ഒരുകാലത്ത് അദ്ദേഹം എന്നും അധികൃതർക്കുപിന്നാലെ പാഞ്ഞു. മമ്പാട്ട് ആധുനികരീതിയിലൊരു സ്റ്റേഡിയമെന്നത്‌ ഉണ്ണി ഹൈദറിന്റെ വലിയ സ്വപ്‌നമായിരുന്നു.

മമ്പാട്ടുനിന്ന് ആദ്യമായി റിയാദിലേക്കുപോയത് ഉണ്ണി ഹൈദറാണെന്ന് അദ്ദേഹത്തിന്റെ സേവനചരിത്രമടങ്ങുന്ന പുസ്തകത്തിൽ പറയുന്നു.

കുഞ്ഞിമുഹമ്മദ് പാണ്ടികശാലയാണ് 'മമ്പാട് ഉണ്ണി ഹൈദർ, സേവനംതന്നെ ജീവിതം' എന്ന പുസ്തകം എഴുതിയത്. വിമാനത്തിൽ കയറിയപ്പോഴും ഉണ്ണി ഹൈദറിന് ഓട്ടം നിർത്താനായില്ലെന്ന് നാട്ടുകാർ പറയും. ഒരിക്കൽ ഊട്ടിയിൽ ഓടുന്നതിനിടെ തമിഴ് പത്രക്കാർ വാർത്തയെടുക്കാൻ എത്തിയത് അദ്ദേഹം സ്‌മരിക്കാറുണ്ട്.

നിലമ്പൂർ ബസ്‌സ്റ്റാൻഡിൽ ഉണ്ണി ഹൈദറിന് ചായക്കടയുണ്ട്. 24 മണിക്കൂറും തുറക്കുന്ന കടയാണിത്.

രാത്രികാലത്ത് ആരും ഭക്ഷണമില്ലാതെ പ്രയാസപ്പെടരുതെന്നും അതുകൊണ്ടുകൂടിയാണ് കട 24 മണിക്കൂറും പ്രവർത്തിക്കുന്നതെന്നും ഉണ്ണി ഹൈദർ പറയുമായിരുന്നു.