മമ്പാട് : മമ്പാട് പഞ്ചായത്തിൽ ലേലംചെയ്യാനായി നടപടികൾ സ്വീകരിക്കുന്നതിനിടെ കാണാതായ മരത്തടികൾ കണ്ടെടുത്തു. എടവണ്ണ മുണ്ടേങ്ങരയിലെ സ്വകാര്യമില്ലിൽനിന്നാണ് മരത്തടികൾ കണ്ടെത്തിയത്.

ഇവ പോലീസ് മമ്പാട് പഞ്ചായത്തോഫീസ് പരിസരത്തേക്ക് മാറ്റി. നിലമ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്. ബിനു പഞ്ചായത്ത് സെക്രട്ടറി വി. അവിസന്നയ്ക്ക് രേഖാമൂലം കൈമാറി.

പുള്ളിപ്പാടത്തെ ആരോഗ്യ ഉപകേന്ദ്രം പരിസരത്തെ മരത്തടികളാണ് ഈയിടെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പഞ്ചായത്ത് സെക്രട്ടറി പോലീസിനു കൈമാറുകയായിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങിയത്. മരത്തടികൾ ചട്ടവിരുദ്ധമായി പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡംഗവുമായ പന്താർ മുഹമ്മദ് വിൽപ്പന നടത്തിയെന്നാരോപിച്ച് സി.പി.എം. രംഗത്തെത്തിയിരുന്നു. വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ശബ്ദരേഖയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ വൈസ് പ്രസിഡന്റ് വിലനിശ്ചയിച്ച് കച്ചവടംനടത്തി പണം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. ലോക്കൽസമിതി സെക്രട്ടറി പി. അയ്യപ്പനാണ് പരാതി നൽകിയത്.

അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം. അഴിമതി ആരോപണങ്ങളുന്നയിക്കുകയാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി.