മമ്പാട് : 2018-ൽ പ്രളയത്തിൽ തകർന്ന പാലം പുനർ നിർമിച്ചു. വണ്ടൂർ-മമ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടിലങ്ങാടി പറക്കോട് പാലമാണ് പുനർനിർമിച്ച് ഗതാഗതത്തിനായി തുറന്നത്.

താത്കാലിക മുളപ്പാലം പണിതാണ് ഇതുവഴി നാട്ടുകാർ നടക്കാറുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമിച്ചത്.

പാലത്തിന് ഇരുവശവും കോൺക്രീറ്റ് കൈവരികളും തോട്ടിൽ കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തിയും ഒരുക്കിയിട്ടുണ്ട്. ഇതോടെ മഴക്കാലത്ത് പറക്കോട് തോട് കര കവിഞ്ഞ് ഉണ്ടാവുന്ന കൃഷി നാശത്തിനും പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ആസ്യ ഉദ്ഘാടനംചെയ്തു. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കാപ്പിൽ ജോയി, പുന്നപ്പാല അബ്ദുൽകരീം, പഞ്ചായത്തംഗങ്ങളായ കബീർ കാട്ടുമുണ്ട, ബാബു കാപ്പിൽ, വി.ടി. നാസർ, വണ്ടൂർ ബ്ലോക്ക് വികസന ഓഫീസർ എ.ജെ. സന്തോഷ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സി.ആർ. മുരളീകൃഷ്ണൻ, മമ്പാട് പഞ്ചായത്ത് സെക്രട്ടറി വി. അവിസന്ന, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ സി.ടി. ഗണേഷ്, ഓവർസിയർ കെ. അരുൺ എന്നിവർ പ്രസംഗിച്ചു.