മമ്പാട് : ലോറിയിൽനിന്ന്‌ ഇറക്കുന്നതിനിടെ ഓടിയ കാള അഴുക്കുചാലിൽ വീണു. വീതികുറഞ്ഞ ചാലിൽനിന്ന് കരകയറാനാകാതെ കുടുങ്ങിയ കാളയെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ മമ്പാട് കാട്ടുമുണ്ട മാരമംഗലത്താണ് സംഭവം.

അറവിനായി കൊണ്ടുവന്ന കാളയാണ് മണിക്കൂറുകളോളം മാരമംഗലം ടിപ്പുസുൽത്താൻ റോഡിലെ അഴുക്കുചാലിൽ കുടുങ്ങിയത്. കനത്തമഴയിൽ അഴുക്കുചാലിൽ വെള്ളം നിറഞ്ഞതിനാൽ എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നു. തിരുവാലിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്താലാണ് കരയ്ക്കെത്തിച്ചത്.