മമ്പാട് : താളിപ്പൊയിലിലെ മൂന്നര ഏക്കർ തരിശിടം ഇപ്പോൾ പച്ചപ്പിൽ മുങ്ങി. മെഡിക്കൽ വിദ്യാർഥികളും എൻജിനീയർമാരും എൻജിനീയറിങ് വിദ്യാർഥികളും ബിരുദ, ബിരുദാനന്തരക്കാരുമായി ഒൻപതംഗസംഘം ഇവിടെ സദാ കർമരംഗത്തുണ്ട്.

1600 വാഴകളും പച്ചക്കറികളും നിറഞ്ഞ മണ്ണിൽ വിളവെടുപ്പിന് ആരവമുയരുകയാണിന്ന്. പച്ചക്കറിയുടെ ആദ്യഘട്ട വിളവെടുപ്പായിരുന്നു വെള്ളിയാഴ്ച. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി ഈ പ്രൊഫണൽ സംഘത്തിനൊപ്പം വിളവെടുപ്പ് ആവേശകരമാക്കി.

മെഡിക്കൽ വിദ്യാർഥി നിദിൽ അലി, എൻജിനീയറിങ് വിദ്യാർഥികളായ റാഹിദ് മുഹമ്മദലി, ആദിൽ ഷാൻ, എൻജിനീയർമാരായ സഫ്ത്തറലി, റിജിൽ, ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരി ജിഷ്ണു പ്രസാദ്, ബിരുദ വിദ്യാർഥികളായ ടി.പി. നിഫിൻ, അരുൺ, ബിരുദാനന്തരബിരുദ വിദ്യാർഥി അജിൻ എന്നിവരാണ് കൃഷിയിറക്കിയത്. ലോക്‌ഡൗൺ പ്രതിസന്ധികാലത്ത് കൃഷിക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് പുതിയ പാഠം പഠിക്കാനിറങ്ങിയതെന്ന് ഇവർ പറയുന്നു.

തുടക്കമായിട്ടും കഠിനയത്‌നത്തിന് തുനിഞ്ഞ് മൂന്നര ഏക്കറിൽ കൃഷിചെയ്യാനിറങ്ങിയ സംഘം അനുകരണീയരാണെന്ന് കൃഷി ഓഫീസർ എം. ഷിഹാദ് പറഞ്ഞു. ലോക്‌ഡൗൺ കാലത്തെ പ്രതിസന്ധി മറികടക്കാൻ തങ്ങളുടേതായ മാതൃക സ്വീകരിച്ച സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അനുമോദിച്ചു.

സ്ഥലമൊരുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളെല്ലാം ഇവർതന്നെയാണ് നടത്തിയത്. കൃഷിവകുപ്പിൽ നിരന്തരം ബന്ധപ്പെട്ട് അറിവുകളും നേടി. സുഭിക്ഷ കേരളം പദ്ധതിയിലാണ് കൃഷി ഒരുക്കിയത്.വിളവെടുപ്പ് പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല നിർവഹിച്ചു.

കൃഷി ഓഫീസർ എം. ഷിഹാദ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ ടി.പി. ഉമൈമത്ത്, എം.ടി. അഹമ്മദ്, പി.എസ്. അബ്ദുസമദ്, വി.ടി. നാസർ എന്നിവരും കെ. സലാഹുദ്ദീൻ, എൻ.പി. ഉബൈദ്, കെ. മുജീബ്, എൻ. അശോകൻ, പി.ടി. മുഹമ്മദലി എന്നിവരും പങ്കെടുത്തു.