മമ്പാട് : തൊഴിലുറപ്പിൽ പണിയെടുത്ത് വിയർപ്പൊഴുക്കിയാണ് ആ വയോധിക രണ്ടുപവന്റെ സ്വർണമാല സന്പാദിച്ചത്. ആ വിയർപ്പിന്റെ വിലയറിയാത്തൊരു കള്ളൻ അത് കവർന്നു. പൂട്ടിയ വാതിൽ തുറന്ന് പകലാണ് മോഷണമെന്ന് കരുതുന്നു.

മമ്പാട് വടപുറത്തെ എൻ.കെ. ബിയ്യാത്തുവിന്റെ സ്വർണമാലയാണ് കാണാതായത്. ബിയ്യാത്തുവിന്റെ ഭർത്താവ് നേരത്തേ മരിച്ചതാണ്. മക്കളില്ല. 60 കഴിഞ്ഞ ബിയ്യാത്തു ഒറ്റമുറിയുള്ള വീട്ടിൽ ഒറ്റയ്ക്കാണ് താമസം. തൊഴിലുറപ്പുജോലിയും നാട്ടുകാരുടെ സഹായവുമാണ് ആശ്രയമെന്ന് വാർഡംഗം വി.ടി. നാസർ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച തൊഴിലുറപ്പ്‌ തൊഴിലിന് പോയി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മാല കാണാതായ വിവരമറിയുന്നത്. ജൂവലറിയിൽനിന്ന് ലഭിച്ച പെട്ടിയിൽത്തന്നെ അലമാരയിൽ സൂക്ഷിച്ചതാണെന്ന് ബിയ്യാത്തു പറയുന്നു. ചെറിയ തുകയും അലമാരയിലുണ്ടായിരുന്നു. ഇത് നഷ്ടമായിട്ടില്ല. ജോലിക്കുപോകുമ്പോൾ വാതിൽ പൂട്ടിയശേഷം വീടിന്റെ ഉത്തരത്തിൽതന്നെ താക്കോൽ സൂക്ഷിക്കാറാണ് പതിവ്. ഇത് കള്ളന് സൗകര്യമായി. വാതിൽ തുറന്ന് അകത്ത് കടന്നയാൾ മാല മോഷ്ടിച്ച് വാതിൽ പൂട്ടി താക്കോൽ തത്‌സ്ഥാനത്തുതന്നെ സൂക്ഷിച്ച നിലയിലായിരുന്നു. നിലമ്പൂർ പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.