മമ്പാട് : കാലവർഷമായതോടെ പ്രളയമുണ്ടായാൽ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി മമ്പാട് പഞ്ചായത്തിൽ യോഗം ചേർന്നു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ആസ്യ ഉദ്ഘാടനംചെയ്തു. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല അധ്യക്ഷതവഹിച്ചു.

യോഗം നിർദേശിച്ച ജാഗ്രതാനടപടികൾ അടിയന്തരമായി സ്വീകരിക്കാൻ തീരുമാനിച്ചു. ഉരുൾപൊട്ടൽസാധ്യതാ മേഖലകളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നാൽ വാർഡംഗങ്ങളുടെ നേതൃത്വത്തിൽ ദ്രുതകർമ വിഭാഗം സജ്ജരാകും.

വെള്ളപ്പൊക്കമുണ്ടായാൽ ചാലിയാറിനക്കരെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെടും. ഇവിടങ്ങളിൽ ‌രക്ഷാപ്രവർത്തനങ്ങൾക്ക് എൻജിൻ ഘടിപ്പിച്ച ബോട്ട് അനിവാര്യമാണ്. മുൻകൂട്ടി ബോട്ടെത്തിക്കാൻ അഗ്നിരക്ഷാസേനയോട് നിർദേശിക്കാനും യോഗം തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കോവിഡ് നിയന്ത്രണ നടപടികൾ പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ടെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. ധന്യശ്രീ പറഞ്ഞു. പഞ്ചായത്തംഗം വി.ടി. നാസർ, സെക്രട്ടറി വി. അവിസന്ന എന്നിവർ പ്രസംഗിച്ചു.