മമ്പാട് : ചാലിയാറിൽ ഓടായിക്കൽ ചെറുകിട ജലസേചന പദ്ധതിക്ക് ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സർവേ നടപടികൾ തുടങ്ങി.

വെള്ളം പമ്പുചെയ്യുന്നതിന് കേന്ദ്രമൊരുക്കാനും കനാലുകൾ വഴി കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കുന്നത്. ചെറുകിട ജനസേചനവകുപ്പിന് കീഴിലെ ചാലിയാർ പദ്ധതി പര്യവേഷണവിഭാഗം നിലമ്പൂർ ഉപ ഡിവിഷനാണ് സർവേ ചുമതല.

ചൊവ്വാഴ്ച ഓടായിക്കൽ റഗുലേറ്റർ കം -ബ്രിഡ്ജിന് സമീപത്തു നിന്നാണ് സർവേ തുടങ്ങിയത്. റഗുലേറ്റർ കം -ബ്രിഡ്ജ് പരിസരത്ത് കെട്ടിനിർത്തിയ വെള്ളത്തിന്റെ നിരപ്പ് അധികൃതർ പരിശോധിച്ചു. ചാലിയാർ തീരത്തെ ടാണ കവല വരേ സർവേ നടത്തി.

ടാണ പള്ളിക്കടവിൽ പമ്പ് ഹൗസ് സ്ഥാപിച്ച് നടുവക്കാട് ഗവ. എൽ.പി. സ്കൂളിന് സമീപം ജലശേഖരണകേന്ദ്രം ഒരുക്കാനാണ് പദ്ധതി. ജലശേഖരണ കേന്ദ്രത്തിലേക്ക് കുഴലുകളിൽ വെള്ളമെത്തിക്കും. തുടർന്ന് നടുവക്കാട് സ്കൂളിന് പിറകുവശത്തെ പാടശേഖരത്തോടുചേർന്ന് കനാൽ നിർമിക്കും. 700-മീറ്ററോളം നീളംവരുന്ന പ്രധാന കനാൽ പിന്നീട് രണ്ട് ശാഖകളായി മാറും. മേപ്പാടം പള്ളിക്കുന്ന് ഭാഗത്തേക്കും കാട്ടുപൊയിൽ, പന്തലിങ്ങൽ, കൊന്നാഞ്ചേരി, കോട്ടാല ഭാഗങ്ങളിലേക്കുമാണ് കനാലുകൾ വഴി തുടക്കത്തിൽ വെള്ളമെത്തുക. ആവശ്യമായ സ്ഥലങ്ങളിൽ കുളങ്ങൾ ഒരുക്കി കൃഷിയിടങ്ങളിലേക്ക് കണികാ ജലസേചന സൗകര്യം ഒരുക്കാനും പദ്ധതി തയ്യാറാക്കും. ഇതിന് കൃഷിവകുപ്പിന്റെ നിർദേശം പരിഗണിക്കും. തെങ്ങുകൃഷിക്ക് ഉൾപ്പെടെ കണികാ ജലസേചനം പ്രയോജനപ്പെടുത്താനാകും. ഇതുവഴി നാളികേര ഉത്പാദനം വർധിപ്പിക്കാനാകുമെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. ജല ഉപയോഗം കുറയ്ക്കാനുമാകും. ആറരക്കിലോമീറ്ററോളം നീളത്തിൽ കനാലുകൾ നിർമിക്കാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കുന്നത്. ഇതിന് 10.5 കോടി രൂപയോളം ചെലവുവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

600- ഹെക്ടർ കൃഷിയിടത്തിലേക്ക് ജലസേചനസൗകര്യം ലഭ്യമാകും. ഇതിൽ 149-ഹെക്ടറോളം നെൽക്കൃഷിയാണ്. മൂന്നാംവിള നെൽക്കൃഷി ഒരുക്കാൻ സാധ്യമാകും. സർവേ പൂർത്തിയായാൽ നബാർഡിന്റെ സഹായത്താലോ പി.വി. അബ്ദുൽ വഹാബ് എം.പിയുടെ സൻസദ് ആദർശ് ഗ്രാമ് യോജന പദ്ധതിയുടെ സഹായത്താലോ നടപ്പാക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല, വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, ചെറുകിട ജലസേചന വകുപ്പ് അസി. എക്സി. എൻജിനീയർ എൻ. അബ്ദുൾ അസീസ്, അസി. എൻജിനീയർ ടി. അബ്ദുൾ റഷീദ്, ഓവർസിയർമാരായ കെ. ഷാജി, പി. അബ്ദുൾ റഷീദ്, സർവേയർമാരായ അലി അക്ബർ, കെ.ജെ. അരുൺ, പി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. സർവേ നടപടികൾ ഒരാഴ്ച തുടരും.