മമ്പാട് : ഓടായിക്കൽ റഗുലേറ്റർ കം -ബ്രിഡ്ജ് ജലസേചനപദ്ധതിക്ക് സർവേ നടത്തുന്നതിന് നടപടികളായി. കനാൽപണികൾക്ക് പദ്ധതി സമർപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സർവേ തുടങ്ങും. മുന്നോടിയായി പഞ്ചായത്തോഫീസിൽ യോഗംചേർന്നു. പ്രസിഡന്റ് സമീന കാഞ്ഞിരാലയുടെ അധ്യക്ഷതയിലാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേർന്നത്.

50 കോടി രൂപ ചെലവിലാണ് ചാലിയാറിനു കുറുകെ ബീമ്പുങ്ങൽ -ഓടായിക്കൽ കടവുകളെ ബന്ധിപ്പിച്ച് റെഗുലേറ്റർ കം -ബ്രിഡ്ജ് നിർമിച്ചത്. ഗതാഗതത്തിനു പുറമേ കാർഷികമേഖലയിൽ ജലസേചന പദ്ധതികൂടി ലക്ഷ്യമിട്ടാണ് പാലം നിർമിച്ചത്. എന്നാൽ ഗതാഗതത്തിനായി പാലം വർഷങ്ങൾക്കുമുൻപ് തുറന്നുകൊടുത്തെങ്കിലും ജലസേചനപദ്ധതി യാഥാർഥ്യമായില്ല. പാലത്തിന്റെ ഒരുഭാഗത്ത് ജലം കെട്ടിനിർത്താൻ സൗകര്യമുണ്ട്. വൈദ്യുതിപ്രവൃത്തികളും നേരത്തെ പൂർത്തീകരിച്ചു. കനാലുകൾ നിർമിച്ച് ജലസേചനപദ്ധതികൾ ആവിഷ്കരിക്കരിക്കാനായില്ല. പദ്ധതി യാഥാർഥ്യമായാൽ 600 ഹെക്ടർ കൃഷിയിടത്തിലേക്ക് ജലസേചനസൗകര്യം ഒരുക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിൽ 149 ഹെക്ടറും നെൽവയലാണ്. മമ്പാട് പഞ്ചായത്തിലെ 55 ശതമാനം വരുന്ന കർഷകർക്ക് പദ്ധതി പ്രയോജനപ്പെടും. സർവേ പൂർത്തിയായാൽ നബാർഡിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ചെറുകിട ജലസേചനവകുപ്പിെന്റയും ജനപ്രതിനിധികളുടെയും സംയുക്തയോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, അംഗങ്ങളായ വി.ടി. നാസർ, എം.ടി. അഹമ്മദ്, ബുഷ്‌റ പാലാടൻ, ടി.കെ. ശിഫ്‌ന നജീബ്, ഷാഹിന കാഞ്ഞിരാല, കൃഷി ഓഫീസർ പി. ഷിഹാദ്, ചെറുകിട ജലസേചനവകുപ്പ് അസി. എക്സി. എൻജിനീയർ എൻ. അബ്ദുൽ അസീസ്, അസി. എൻജിനീയർ ടി. അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.