മമ്പാട്: വെള്ളപ്പൊക്കത്തിൽ തകർന്ന ഓവുപാലത്തിൽ നടപ്പാലമിട്ടു. തൃക്കൈക്കുത്ത് കൂട്ടിലങ്ങാടിക്കടുത്ത ഓവുപാലത്തിലൂടെയാണ് നാട്ടുകാർ താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. മമ്പാട്, വണ്ടൂർ പഞ്ചായത്ത് അതിർത്തിയിലെ തോടിനുകുറുകെയുള്ള ഓവുപാലം വെള്ളപ്പൊക്കത്തിൽ പൂർണമായും ഒലിച്ചു പോയിരുന്നു.

കനത്ത മഴപെയ്താൽ തൃക്കൈക്കുത്ത്, കൂട്ടിലങ്ങാടി പ്രദേശത്തുകാർ ഒറ്റപ്പെടുകയാണ്. വിദ്യാലയങ്ങൾ തുറന്നാൽ ഏറെ പ്രയാസപ്പെടേണ്ടിവരുമെന്ന് കണ്ടാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ നാട്ടുകാർ മുളകൊണ്ട് നടപ്പാലം തീർത്തത്. ഇതുവഴി ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യവും ഒരുക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഓവുപാലം ഉടൻ പുനഃസ്ഥാപിച്ച് ഗതാഗതം സുഗമമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.