മലപ്പുറം: ജില്ലയിൽ വനിതാ പോലീസ്‌േസ്റ്റഷൻ വരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷം നാലായി. പ്രഖ്യാപിച്ചത് യു.ഡി.എഫ്. സർക്കാരാണ്. ഉടനെ വരുമെന്ന് പലതവണ പറഞ്ഞതല്ലാതെ വന്നില്ല. പിന്നാലെ വന്ന എൽ.ഡി.എഫ്. സർക്കാറും വനിതാ സ്റ്റേഷൻ ഏറ്റുപിടിച്ചു. നീണ്ടുനീണ്ട് പോയെങ്കിലും അവസാനം തിയതി കുറിച്ചു. തിങ്കളാഴ്ച ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. അതും നടന്നില്ല. കെട്ടിടത്തിന്റെ പണി തീരാത്തതാണ് ഇക്കുറി കാരണം.

ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. 2015-ലാണ് വനിതാ സ്റ്റേഷൻ തുടങ്ങാൻ ഉത്തരവിറങ്ങിയത്. തുടർന്ന് വനിതാ ഹെൽപ്പ്‌ലൈൻ പ്രവർത്തിക്കുന്ന കെട്ടിടത്തിൽത്തന്നെ പുതിയ സ്റ്റേഷനും വനിതാ ഹെൽപ്പ്‌ലൈനും പിങ്ക് പോലീസ് കൺട്രോൾ റൂമും തുടങ്ങാൻ തീരുമാനമായി. എന്നാൽ േസ്റ്റഷന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. പണി തീർന്നാൽത്തന്നെ അസൗകര്യങ്ങളുടെ നടുവിലാകും മലപ്പുറത്തെ ആദ്യ വനിതാേസ്റ്റഷൻ.

ഇടമില്ല,നിന്നുതിരിയാൻ

നിലവിലെ ഹെൽപ്പ് ലൈൻ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. പിങ്ക് പോലീസ് കൺട്രോൾ റൂമിലും ഹെൽപ്പ് ലൈനിലുമായി ദിവസം 25-ൽ കൂടുതൽ പേർക്ക് ജോലിയുണ്ട്. ഇതിന് പുറമെയാണ് ദിവസവും എത്തുന്ന പരാതിക്കാർ. ഇത്രയും പേർക്ക് ജോലിചെയ്യാനോ വന്നു പോകാനോ സൗകര്യമില്ല. ഇരിക്കാൻപോലും ഇടമില്ല. രണ്ട് മുറികൾ ചേർത്ത് സ്റ്റേഷൻകൂടി ആകുന്നതോടെ ഇപ്പോഴുളളതിന്റെ ഇരട്ടിയാകും ജീവനക്കാരുടെയും സന്ദർശകരുടെയും എണ്ണം.

ലോക്കപ്പില്ലാ സ്റ്റേഷൻ

ജില്ലയിലെ ഏക വനിതാ പോലീസ് സ്റ്റേഷനിൽ ലോക്കപ്പുപോലുമുണ്ടാകില്ല. പരാധികൾ സ്വീകരിക്കാനും അറസ്റ്റ് രേഖപ്പെടുത്താനും മാത്രമേ ഇവർക്ക് ’വകുപ്പു’ള്ളൂ. പ്രതികളെ കസ്റ്റഡിയിലെടുത്താൽ മറ്റേതെങ്കിലും പോലീസ് സ്റ്റേഷനിലേക്ക് മാറ്റേണ്ടിവരും.

ക്രൈംബ്രാഞ്ച് ’കയ്യേറ്റം’

വനിതാ ഹെൽപ്പ്ലൈനിലെ വിശ്രമമുറിയിൽ ക്രൈം ബ്രാഞ്ചിലെ ഫയലുകൾ സൂക്ഷിച്ചിരിക്കുകയാണ്. വിശ്രമിക്കാനും വസ്ത്രം മാറാനും വേറെ സ്ഥലമില്ല. മതിയായ ശുചിമുറി സൗകര്യവുമില്ല. ഉദ്യോഗസ്ഥരും പരാതിക്കാരും പ്രതികളുമെല്ലാം ഉപയോഗിക്കേണ്ടത് ഒരേ ശുചിമുറി. ഈ പരിമിതികൾക്കിടയിലാണ് രണ്ട് മുറികൾ മാത്രം അധികമായി പണിത് ’തട്ടിക്കൂട്ട്’ വനിതാ സ്റ്റേഷൻ തുടങ്ങുന്നത്.

Content Highlights: Malappuram women police station construction delayed