മലപ്പുറം: പ്രായമായ, ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളിൽ മാനസിക സമ്മർദം കൂടിവരുന്നതായി വനിതാ കമ്മിഷൻ വിലയിരുത്തൽ. കമ്മിഷന് മുന്നിലെത്തുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. വിവാഹം കഴിക്കാത്തവരും ഭർത്താവ് മരിച്ച് മക്കൾക്കൊപ്പം താമസിക്കുന്നവരും തങ്ങൾ സുരക്ഷിതരെല്ലെന്ന പരാതികളുമായി കമ്മിഷനെ സമീപിക്കുന്നു. മലപ്പുറത്ത് ഇത്തരം പരാതികളുടെ എണ്ണം കൂടിവരുന്നുവെന്നാണ് കമ്മിഷൻ പറയുന്നത്.

പലകേസുകളിലും കുടുംബം ഇവരെ സംരക്ഷിക്കുന്നുണ്ടെങ്കിലും തങ്ങൾ അനുഭവിക്കുന്ന ഏകാന്തത ഇവരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് കമ്മിഷൻ അംഗം ഇ.എം. രാധ പറഞ്ഞു.

കൃത്യമായ കൗൺസിലിങ്ങാണ് ഇവർക്ക് ആവശ്യം. എന്നാൽ, പരാതിക്കാർ തയ്യാറാകുന്നില്ല. ഏകാന്തതയും മറ്റും ഇല്ലാതെ ആളുകളുമായി ഇടപഴകാനുള്ള അവസരം ഇവർക്ക് ഒരുക്കികൊടുക്കണമെന്നും കമ്മിഷൻ പറഞ്ഞു.

മലപ്പുറത്ത് ശനിയാഴ്ച നടന്ന സിറ്റിങ്ങിൽ 59 കേസുകൾ പരിഗണിച്ചു, 20 എണ്ണം തീർപ്പാക്കി. 10 പരാതികളിൽ അന്വേഷണം നിർദ്ദേശിച്ചു. അടുത്ത അദാലത്ത് ജനുവരി 22-ന് നടക്കുമെന്ന് കമ്മിഷൻ അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. രാജേഷ്, അഡ്വ. റീബ എന്നിവർ പങ്കെടുത്തു.