മലപ്പുറം: ആലിബാബയും 41 കള്ളൻമാരുമാണ് രാജ്യം ഭരിക്കുന്നതെന്നും ഇവർ രാജ്യത്തെ കുട്ടിച്ചോറാക്കുമെന്നും മുതിർന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദൻ. മലപ്പുറം കിഴക്കേത്തലയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനുവിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളവും തുറമുഖവുമെല്ലാം അവർ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്നു. യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽപ്പോലും െെകയിട്ടുവാരുന്നു. ആർഷഭാരത സംസ്കാരത്തിന്റെ പേരുപറഞ്ഞ് ദളിതുകളേയും ഇതര മതസ്ഥരെയും കൊല്ലുകയാണിവർ. ഇതിനെതിരേ പ്രതികരിക്കുന്ന ബുദ്ധിജീവികളെ തെരുവിൽ കൊല്ലുന്നു. പട്ടാളത്തോടും രാജ്യത്തോടും വലിയ സ്നേഹം കാണിക്കുന്ന ഈ പ്രധാനമന്ത്രിയുടെ കാലത്താണ് അതിർത്തിയിൽ ഏറ്റവുമധികം പട്ടാളക്കാർ മരിച്ചുവീണത്. അഴിമതിയിൽ മുങ്ങിക്കുളിച്ച മൻമോഹൻ സർക്കാരിന്റെ ദൗർബല്യംകൊണ്ടാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. ഇവരെ അധികാരത്തിൽനിന്ന് ഇറക്കാനുള്ള ഏകവഴി പാർലമെന്റിലെ ഇടതുപക്ഷ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി വി.പി. സാനു, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, പാലോളി മുഹമ്മദ് കുട്ടി, ടി.കെ. ഹംസ, ഇ.എൻ. മോഹൻദാസ്, പി.പി. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.